Wednesday, December 19, 2018

സന്ധ്യാ സമയവും ആചാരങ്ങളും


Related image


കുട്ടികള്‍ ഇപ്പോള്‍ സന്ധ്യാസമയത്ത് പ്രാര്‍ഥിക്കുന്നില്ല എന്നാണ് വൃദ്ധ ജനങ്ങളുടെ പരാതി. മധ്യപ്രായക്കാരാകട്ടെ, ടെലിവിഷന്‍ സീരിയലുകളിലും ന്യൂസ് ചാനലുകളിലെ ചര്‍ച്ചകളിലും മുഴുകുന്നു. ലോകം അനുഷ്ഠാനങ്ങളില്‍ നിന്ന് അതിവേഗം ഗതി മാറുകയാണ്. 

സായംസന്ധ്യാ(തൃസന്ധ്യാ) സമയം അഥവാ സായാഹ്നസന്ധ്യാ സമയം ദൈവികമായ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നാണ് പൊതുവേ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നത്. ഹൈന്ദവഭവനങ്ങളില്‍ ഈ സമയത്ത് പ്രത്യേക പ്രാര്‍ഥനകളും ആരാധനകളും നടത്തുന്നത് പതിവാണ്. ക്രിസ്ത്യന്‍, മുസ്ലിം ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ധ്യാ പ്രാര്‍ഥനകള്‍ നടന്നു വരുന്നു. ഏതാണ്ട് എല്ലാ മത വിശ്വാസങ്ങളിലും സന്ധ്യാ പ്രാര്‍ത്ഥനക്ക് വളരെ പ്രാധാന്യം ഉണ്ട്.

പകല്‍ മുഴുവന്‍ ഭൂമിയുടെ മേല്‍ പ്രകാശം പരത്തി നിന്ന സൂര്യന്‍ ക്രമേണ മായുകയാണ്. ചന്ദ്രന്‍ ആകട്ടെ, വരുന്നതെയുള്ളു. അപ്പോള്‍ സൂര്യന്‍റെയും ചന്ദ്രന്‍റെയും അനുഗ്രഹ രശ്മികള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണത്. പഴയ കാലത്തെ വിശ്വാസം അനുസരിച്ച് ആ സമയം അന്തരീക്ഷം വിഷവായു കൊണ്ട് നിറഞ്ഞിരിക്കും. ത്രിസന്ധ്യാ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല. കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചൂല് കൊണ്ട് ശബ്ദമുണ്ടാക്കി മുറ്റം, മുറികള്‍ ഇവ അടിച്ചു വാരരുത്.

ചെടികളിൽനിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും സന്ധ്യാ സമയത്ത് ഇറുക്കരുത്. പൂക്കള്‍ പറിക്കാനും പാടില്ല. വാഴത്തോപ്പ് തുടങ്ങിയ ഇരുളടഞ്ഞ സ്ഥലങ്ങളില്‍ നില്‍ക്കരുത് (പ്രത്യേകിച്ച് ഗര്‍ഭിണികളും കുട്ടികളും). ആ സമയത്ത് പശുവിന്‍റെ പാല്‍ കറന്നെടുക്കാനും പാടില്ല. സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില്‍ ശരീര സംഗം ചെയ്ത് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമായി കരുതുന്നു.

പ്രകൃതിയിലെ സസ്യ ജാലങ്ങളെയും ജന്തുക്കളെയും സഹജീവികളായി കരുതുന്ന ഒരു പഴയ സംസ്കൃതിയുടെ കരുതല്‍ കൂടി ഇതില്‍ കാണാം. സന്ധ്യയായാല്‍ ചെടികള്‍ ജൈവ പ്രവര്‍ത്തനം നിര്‍ത്തി നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. അപ്പോള്‍ അവയെ ശല്യപ്പെടുത്താന്‍ പാടില്ല. തൊട്ടാവാടി, രാമനാമ പച്ച, മുക്കുറ്റി തുടങ്ങിയ ചെടികള്‍ സന്ധ്യ കഴിഞ്ഞാല്‍ ഇലകള്‍ ചേര്‍ത്ത് വച്ച് നില്‍ക്കുന്നത് കാണാം. ഇരുണ്ട സ്ഥലം, കാട് തുടങ്ങിയവ ഒഴിവാക്കാന്‍ പറയുന്നത് പാമ്പിന്‍റെയും മറ്റു ക്ഷുദ്ര ജീവികളുടെയും ഉപദ്രവം ഒഴിവാക്കാനാണ്.

സന്ധ്യാസമയം ആരാധനക്കുളള സമയമാണ്. സൗഭാഗ്യത്തിന്‍റെ ദേവിയായ മഹാലക്ഷ്മി നമ്മുടെ ഭവനത്തിലെത്തുന്ന പുണ്യ സമയം. ഇതിനാലാണ് സന്ധ്യാസമയത്ത് വീട്ടില്‍ മാലിന്യങ്ങള്‍ കിടക്കുന്നത് അശ്രീകരമായി കണക്കാക്കപ്പെട്ടിരുന്നത്. ഇപ്രകാരം ചെയ്യുന്നത് ദേവിയോടുള്ള അനാദരവായും ആയതിനാല്‍ ദാരിദ്ര്യ കാരണമായും കണക്കാക്കപ്പെടുന്നു. നാമജപം ചൊല്ലേണ്ട സമയത്ത് മുറ്റം അടിച്ച് വ്യത്തിയാക്കുന്നത് ധനനഷ്ടം ഉണ്ടാക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

സന്ധ്യാസമയം ഭക്ഷണം കഴിക്കാന്‍ പാടില്ല. സന്ധ്യാസമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും അതോടൊപ്പം വീടിന്‍റെ സകല ഐശ്വര്യങ്ങളും നഷ്ടമാക്കുമെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്. സന്ധ്യാസമയം ലൈംഗീകബന്ധങ്ങളിലേര്‍പ്പെടാന്‍ പാടില്ല എന്നും അങ്ങനെ ചെയ്‌താല്‍ വീടിന് ദാരിദ്രം വന്ന് ചേരുമെന്നും പറയപ്പെടുന്നു. സന്ധ്യാസമയം ധാരാളം ഷഡ്പദങ്ങള്‍ ഇറങ്ങുന്ന സമയം കൂടിയാണ്. വൈദ്യുത വെളിച്ചം ഇല്ലാതിരുന്ന കാലത്ത് ഇരുട്ടില്‍ ഭക്ഷണം കഴിക്കുന്നത്‌ അനാരോഗ്യകരമാണെന്ന് പറയേണ്ടതില്ലല്ലോ. പഴയ രീതിയില്‍ പാടത്തും പറമ്പിലും പണികള്‍ കഴിഞ്ഞു ക്ഷീണിച്ചു വരുന്ന ആണും പെണ്ണും ആ രീതിയില്‍ സംഗമിച്ചാല്‍ ഉണ്ടാകുന്ന കുഞ്ഞ് അനാരോഗ്യവാനായേക്കാം. അതിനാലാണ് ആ സമയത്ത് ശരീര സംഗം ഒഴിവാക്കാന്‍ പറയുന്നത്. മാനസികമായ ചില കാരണങ്ങളും ഉണ്ട്.

നഖവും മുടിയും സന്ധ്യയില്‍ വെട്ടാന്‍ പാടില്ല. പരിപാവന കാര്യങ്ങളില്‍ മലിന വസ്തുക്കളെ അകറ്റി നിര്‍ത്തുന്നതാണ് നമ്മുടെ ആചാരം. എന്നാല്‍ ഇരുളില്‍ മുറിവേല്‍ക്കാനുള്ള സാധ്യതയും ഇക്കൂട്ടത്തില്‍ ഒഴിവാക്കപ്പെടുന്നുണ്ട്. ക്ഷേത്രത്തിനുള്ളില്‍ മുടിയും നഖവും വീഴ്ത്താന്‍ പാടില്ലെന്നാണ് ആചാരം. വൃത്തി ബോധമാണ് ഇതിന്‍റെ അടിസ്ഥാനം എങ്കിലും ഇതില്‍ ചില അന്ധവിശ്വാസങ്ങളും ഇടകലര്‍ന്നിട്ടുണ്ട്. പഴയകാലത്ത് മന്ത്രവാദങ്ങളിലും ആഭിചാരക്രിയകളിലും ആളുകള്‍ക്ക് വലിയവിശ്വാസം ഉണ്ടായിരുന്നു. ഒരാളുടെ ശരീരത്തില്‍ നിന്നും ലഭിക്കുന്ന മുടിയും നഖവും കൊണ്ട് ആഭിചാരക്രിയകള്‍ ചെയ്ത് അയാളെ നശിപ്പിക്കാന്‍ കഴിയും എന്ന വിശ്വാസവും പഴയകാലത്തുണ്ടായിരുന്നു. ഫോട്ടോ എടുക്കുന്നത് പോലും ഭയപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നഖം ശത്രുക്കളുടെ കയ്യില്‍ കിട്ടാന്‍ പറ്റിയ സമയമാണ് സന്ധ്യാസമയം. വെളിച്ചം കുറവുളള സമയത്ത് താഴെ വീഴുന്ന നഖം നമുക്ക് കാണാന്‍ കഴിയില്ല. ശരീയായരീതിയില്‍ പെറുക്കിമാറ്റാന്‍ കഴിയാത്ത നഖം, മുടി ഇവ ശത്രുവിന്‍റെ കൈയില്‍ കിട്ടിയാല്‍ പണി ഉറപ്പ്! ഈ ഭയങ്ങളാണ് രാത്രികാലത്ത് നഖം വെട്ടുന്നതില്‍ നിന്നും മുടി ചീകുന്നതില്‍ നിന്നും ആളുകളെ മാറ്റി നിര്‍ത്തിയിരുന്നത്. ജപ്പാന്‍കാരുടെ ഇടയിലും ഈ വിശ്വാസം നിലനിന്നിരുന്നു. രാത്രിയില്‍ നഖം വെട്ടുന്നവര്‍ മാതാപിതാക്കള്‍ക്കും മുന്‍പ് തന്നെ മരിക്കും എന്നാണ് ജാപ്പനിസ് വിശ്വാസം. അതായത്, അകാലമരണം. 

സന്ധ്യാസമയം ഉറങ്ങുന്നതും ഏറെ ദോഷകരമാണ്. ജോലി കഴിഞ്ഞയുടന്‍ കിടന്നുറങ്ങുന്നതിന്‍റെ ആരോഗ്യ കാരണമാണ് ഈ വിശ്വാസത്തിനു പിന്നില്‍ എന്ന് ഒരു വൈദ്യന്‍ പറയുകയുണ്ടായി. ശരീരം നന്നായി ശാന്തമായതിനു ശേഷം മാത്രമേ ഉറങ്ങാവൂ. അല്ലെങ്കില്‍ തലച്ചോറിന് ശരിയായ വിശ്രമം ലഭിക്കാതെ വിഷാദത്തിന് കാരണമാകുമത്രേ! ഏറെ ജോലിയും ചെയ്ത്, വാരി വലിച്ച് ജങ്ക് ഫുഡ് കഴിച്ച് കിടക്കയിലേക്ക് ഓടിക്കയറുന്ന തലമുറയ്ക്ക് ഈ ആചാരങ്ങള്‍ അന്യമാണ്.

വീടിന് മുറ്റത്ത് തുളസിത്തറയുണ്ടെങ്കില്‍ അതിനെ വ്യത്തിയായി പരിപാലിക്കണം. സന്ധ്യാസമയത്ത് വീടിന് മുറ്റത്തുള്ള തുളസിത്തറയില്‍ നിന്നും തുളസിനുള്ളിയെടുക്കുന്നതും ദാരിദ്രമുണ്ടാക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. സ്നാനവും മറ്റു ക്രിയകളും സന്ധ്യയ്ക്ക് മുന്‍പേ പൂര്‍ത്തിയാക്കണം. നിലവിളക്ക് തെളിയിക്കേണ്ടതും സന്ധ്യക്ക്‌ തൊട്ടു മുന്‍പേ വേണം, അതായത് സൂര്യന്‍ മറയുന്നതിനു മുന്‍പ്.

Tuesday, December 18, 2018

സ്ഥല ദോഷം വരുത്തുന്ന ശാപങ്ങള്‍



Image result for പ്രകാശം image

"സ്ഥലം വാങ്ങുന്നത് വരെ ആരും ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ പറയുന്നു ശാപം കിട്ടിയ ഭൂമി ആണെന്ന്. ഇനി എന്ത് ചെയ്യണം?" ജോസഫ് ചാക്കോ എന്ന അദ്ധ്യാപകന്‍ വളരെ വിഷമത്തോടെ ചോദിച്ചു. അദ്ദേഹത്തിന്‍റെ ഏകദേശം 30 വര്‍ഷത്തെ അധ്വാന ഫലമാണ് ആ ഭൂമി വാങ്ങാന്‍ ചെലവഴിച്ചത്‌.

"എന്താണ് ഈ പറയുന്ന ശാപം ?" 

ചോദ്യത്തിന് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. "ആ ഭൂമി വളരെ ഭക്തനായ ഒരാളുടെ വക ആയിരുന്നു. അയാള്‍ വളരെ കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. മകന്‍ ആകട്ടെ പല വിധത്തില്‍ കടം വരുത്തി വച്ചു. ഒടുവില്‍ കേസില്‍ ജയില്‍ വാസം ലഭിക്കുമെന്നായപ്പോള്‍ ഈ ഭൂമി വില്‍ക്കാന്‍ അച്ഛനെ നിര്‍ബന്ധിച്ചു തുടങ്ങി. അച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍ ചില ഗുണ്ടകളുടെ സഹായത്തോടെ അച്ഛന്‍റെ വിരല്‍ പതിപ്പിച്ച് സ്ഥലം മറ്റൊരാള്‍ക്ക് വിറ്റു. കണ്ണീരോടെയാണ് അദ്ദേഹം തിരികെ വന്നത്. പിന്നെ അധിക ദിവസം ജീവിച്ചതുമില്ല. മകന്‍ കൈകാലുകള്‍ തളര്‍ന്നു കിടപ്പിലാണ്. ആ സ്ഥലം വാങ്ങിയ വ്യക്തിയും അധികം വൈകാതെ ക്യാന്‍സര്‍ ബാധിതനായി. ഇപ്പോള്‍ ചികിത്സക്കായാണ് എനിക്ക് ഈ സ്ഥലം വില്പന നടത്തിയത്. അങ്ങനെ ആകെ ശാപം കിട്ടിയ സ്ഥലം ആണത്രേ".

"ഇത് വളരെ സാധാരണ സംഭവം അല്ലേ? ഇതില്‍ നിന്ന് താങ്കള്‍ക്ക് ശാപം ഉണ്ട് എന്ന് എങ്ങനെ കണക്കാക്കും? ഞാന്‍ ചോദിച്ചു. 

"അവിടെ താമസം തുടങ്ങിയത് മുതല്‍ മനസ്സിന് സ്വസ്ഥതയേയില്ല". അദ്ദേഹം പറഞ്ഞു. 
ഷഷ്‌ഠേശോ നവമേ രിപൗനവമപഃ പിതൃര്‍വ്വാഗുരോ
പൂര്‍വ്വേഷാമഥവാത്മന സ്വവിഷയം വിജ്ഞേയമപ്രീണനം "

എന്ന പ്രമാണം അനുസരിച്ചുള്ള ശാപം (അപ്രീണനം) ക്രൂരത കാട്ടിയ മകനുമേല്‍ അല്ലാതെ പാവം അധ്യാപകന് മേല്‍ എന്തിന് പതിയണം? ഇദ്ദേഹത്തിന് അഞ്ചിലോ ഏഴിലോ ഭാഗ്യ സ്ഥാനത്തോ ധനസ്ഥാനത്തോ ഗുളിക ബന്ധവും കാണുന്നില്ല.

കരുതിക്കൂട്ടിയോ പ്രേരണയാലോ ചെയ്ത് കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ ശാപങ്ങളായി മാറി ജീവിതം ഇരുളിലാക്കുന്നു. പ്രത്യേകിച്ച് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത സഹജീവികളോട് ചെയ്യുന്നവ. ഇതൊരു പൊതു തത്വമാണ്.എല്ലാ മതവിശ്വാസത്തിലും ഉള്ളതുമാണ്.

പലപ്പോഴും മരിച്ചു മണ്ണോടു ചേര്‍ന്നവരോട് ജീവിച്ചിരിക്കുന്നവര്‍ കാണിക്കുന്ന അനാദരവാണ് ഭൂമിക്കു ശാപമുണ്ട് എന്ന് തുടങ്ങിയ ഇത്തരം പ്രചാരണങ്ങള്‍. 'ഞാന്‍' 'എന്‍റെ ' എന്നതില്‍ നിന്ന് മാറി ഒന്നു ചിന്തിച്ചാല്‍ ഈ മണ്ണ് നമ്മുടെതാണോ? മുന്‍പ് മറ്റാരുടെയോ ആയിരുന്നു. ഇനി നമ്മളുടെ കാലം കഴിഞ്ഞാല്‍ മറ്റാരുടേതോ ആകും. അപ്പോള്‍ വിറ്റു പോയ സ്ഥലത്തിന് എന്ത് ഉടമസ്ഥത? പിന്നെ എന്ത് ശാപം. ഇതെല്ലാം മനസ്സിന്‍റെ തോന്നലുകളാണ്. 

ഇപ്രകാരം യുക്തി പറഞ്ഞുവെങ്കിലും തന്നെ സമീപിക്കുന്നവര്‍ക്ക് പരിഹാരം പറഞ്ഞു കൊടുക്കേണ്ടത് ജ്യോത്സ്യന്‍റെ ഉത്തരവാദിത്വവും ധര്‍മ്മവും ആണ്. ആയതിനാല്‍ സ്ഥലത്ത് നിന്നും ശാപം ഒഴിവാക്കാനുള്ള ഒരു ക്രമം പറഞ്ഞു കൊടുത്തു. വീട്ടുകാരുടെ ദിനചര്യ അതിന്‍ പ്രകാരം ഒരാഴ്ച നടത്താന്‍ നിശ്ചയിച്ചു. കൂടാതെ, ഏഴ് ദിവസത്തേക്ക് പുണ്യാഹ ശുദ്ധി നടത്തി, സുദര്‍ശനം ചെയ്ത ശേഷം ശാപശക്തിയെ ആവാഹിച്ച് പ്രസാദിപ്പിച്ച്, തിരുമുല്ലവാരത്ത് ഏല്പിച്ച് വിഷ്ണു ക്ഷേത്രത്തില്‍ നമസ്കാരവും ഊട്ടും നല്‍കി. സ്ഥല രക്ഷ, ദേഹരക്ഷ എന്നിവയും നല്‍കി. മതപരമായ വിവാദം ഒഴിവാക്കാന്‍ മറ്റാരുമായും ചര്‍ച്ച ചെയ്തില്ല. അദ്ദേഹത്തിന്‍റെ മതവിശ്വാസപരമായി ഒരു പിടി നാണയം ഉഴിഞ്ഞ് വിശുദ്ധ അന്തോനീസ് പുണ്യവാളന് നല്‍കാനും സ്ഥലം വാങ്ങിയ ദിവസം എല്ലാ വര്‍ഷവും മെഴുകുതിരി തെളിയിച്ചു പ്രാര്‍ഥിക്കാനും നിര്‍ദ്ദേശിച്ചു. കഴിവിന്‍ പടി ദാനവും നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ഏകദേശം ആറു വര്‍ഷം ആയിട്ടുണ്ട്‌. ഇതുവരെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. വിശ്വാസം അത് തന്നെയാണ് ശക്തി. അതുതന്നെയാണ് നമ്മെ മുന്നോട്ടു നയിക്കുന്ന വെളിച്ചവും.

Saturday, December 15, 2018

പ്രേതത്തെ വിളിക്കുന്ന പെന്‍സിലുകള്‍ (The Ghost's Pencils)

Image result for two pensils photo

കുറെ നാളുകള്‍ക്കു മുന്‍പ് സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായ ഒരു ഗെയിമാണ് 'ചാര്‍ലി ചാര്‍ലി'. പല പ്രമുഖ മാധ്യമങ്ങളും ഈ ഗെയിമിനെ നമുക്ക് പരിചയപ്പെടുത്തി. പെന്‍സില്‍ കൊണ്ട് പ്രേതത്തെ വിളിച്ചു വരുത്തുന്ന ഈ ഗെയിം പക്ഷെ പല വീടുകളിലും ഉണ്ടാക്കിയ പ്രശ്നം ഒട്ടും ചെറുതല്ല. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു യുവതിയായ അമ്മയും ഏകദേശം 14 വയസ്സുള്ള മകന്‍ വിനുകൃഷ്ണനും കൂടി എന്‍റെ വീട്ടില്‍ വരികയുണ്ടായി. വിചിത്രമായ ഒരു കഥയാണ്‌ അവര്‍ക്ക് പറയാനുണ്ടായിരുന്നത്. മകന്‍ സ്കൂളില്‍ നിന്നും വരുന്ന വഴിക്ക് പുതിയ രണ്ടു പെന്‍സിലുകള്‍ ആവശ്യപ്പെട്ടു. അമ്മ സന്തോഷത്തോടെ വാങ്ങി കൊടുക്കുകയും ചെയ്തു. രാത്രി മകന്‍ പതിവുപോലെ മുകള്‍നിലയില്‍ പഠിക്കാനിരുന്നു. അമ്മ അത്താഴം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അച്ഛന്‍ അല്പം ദൂരെ ജോലി ചെയ്യുന്നതിനാല്‍ ഇടയ്ക്കിടെ മാത്രമേ വരികയുള്ളൂ. 

ഏകദേശം രാത്രി ഒന്‍പതര മണിയായപ്പോഴാണ് മകന്‍ ഇതുവരെ ഊണ് കഴിക്കാന്‍ താഴേക്കു വന്നില്ലല്ലോ എന്ന ചിന്ത അമ്മയ്ക്ക് ഉണ്ടായത്. ഉടനെ പടി കയറി മകന്‍റെ പഠന മുറിയില്‍ എത്തി. അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. 

ഒരു മൂലയില്‍ അനങ്ങാന്‍ പോലും കഴിയാതെ പേടിച്ചു വിറങ്ങലിച്ച് വിനു ഇരിക്കുന്നു. മേശപ്പുറത്ത് ഒരു കടലാസില്‍ 'എസ് / നോ ' എന്നെഴുതിയിരിക്കുന്നു. അതില്‍ ഒന്നിനു മേല്‍ ഒന്നായി രണ്ടു പുതിയ പെന്‍സിലും. അമ്മയുടെ ചോദ്യങ്ങള്‍ക്കൊന്നിനും മറുപടിയില്ലാതെ മകന്‍ നിന്നു വിറയ്ക്കുകയാണ്. പരിഭ്രമിച്ചു പോയ അവര്‍ മകനെ ചേര്‍ത്തു പിടിച്ച് താഴെയുള്ള മുറിയിലേക്ക് കൊണ്ടുപോയി. തണുത്ത വെള്ളം കുറെ കുടിച്ച് അല്പം ആശ്വാസം വന്നപ്പോള്‍ മകന്‍ 'പെന്‍സില്‍ ഗെയിമിന്‍റെ' കഥ അമ്മയോട് വിവരിച്ചു. അവന്‍ ചാര്‍ളിയെ വിളിച്ചപ്പോള്‍ പെന്‍സില്‍ 'എസ്' എന്നതിലേക്ക് തിരിഞ്ഞു. അപ്പോള്‍ തന്നെ ഒരു ഞെട്ടല്‍ ഉണ്ടായെങ്കിലും ഒരു ചോദ്യം വീണ്ടും 'ഇന്നെനിക്ക് ക്ലാസ് ടീച്ചറിന്‍റെ വഴക്ക് കിട്ടിയോ?'. ഉത്തരം 'നോ'. വീണ്ടും ചില ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കിട്ടുന്നു. രസത്തോടൊപ്പം ഭീതിയും വളര്‍ന്നു. അടുത്ത ചോദ്യം 'നീ പ്രേതമാണോ?' ഉത്തരം 'എസ്'. അതോടെ നേര്‍ത്ത വിറയല്‍ കുട്ടിയെ ബാധിച്ചു. പെന്‍സിലിന്‍റെ അടുത്ത് നിന്നും മാറി നിന്നു. പക്ഷെ, അവനെ ഞെട്ടിച്ചു കൊണ്ട് ചോദ്യം ആവശ്യപ്പെടുന്ന മാതിരി, പെന്‍സില്‍ ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങിക്കൊണ്ടിരുന്നു. ഇറങ്ങി ഓടാന്‍ പോലും ഭയം അനുവദിച്ചില്ല. ഇപ്പോള്‍ ഭയം അവന്‍റെ പഠനത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. 

ഇനിയാണ് യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത്. ആ പേടിപ്പിക്കുന്ന പെന്‍സിലുകള്‍ എടുത്തു മാറ്റിയോ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. 'ഇല്ല അത് അവിടെത്തന്നെയുണ്ട്‌' അവര്‍ പറഞ്ഞു. 'എന്തുകൊണ്ട് അവ മാറ്റിയില്ല' എന്ന ചോദ്യത്തിന് വിചിത്രമായ ഒരു ഉത്തരമാണ് അവര്‍ പറഞ്ഞത്.

'മോന്‍ പറഞ്ഞ കാര്യം ഞാന്‍ അന്ന് രാത്രി മുഴുവന്‍ ചിന്തിച്ചു കിടന്നു. പിറ്റേന്ന് രാവിലെ അത് എടുത്തു മാറ്റാനായി ഞാന്‍ അവന്‍റെ മുറിയില്‍ പോയി. പക്ഷെ ഞാന്‍ അടുത്ത് ചെന്നതും പെന്‍സില്‍ തനിയെ അനങ്ങി. ഞാന്‍ ഭയന്ന് പോയി. പിന്നെ പുറത്തിറങ്ങി വാതില്‍ അടയ്ക്കുന്നതിനിടെ ഒന്നു കൂടി നോക്കി. അപ്പോഴും അത് ചലിച്ചു. എനിക്കാകെ ഭയമായി. അവിടെ ... എന്തോ ഉണ്ട്. എന്തോ അഴുക്ക്........ പേയ്‌ പോലെ എന്തോ........' 

ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അയാളും അതിനെ അനുകൂലിച്ചുവത്രേ. അയാളാണ് പറഞ്ഞത് ആരുടെ പ്രേതമാണ്‌ വന്നിട്ടുള്ളത് എന്ന് ഏതെങ്കിലും ജ്യോത്സ്യനെ കണ്ടു നോക്കിക്കാന്‍. എന്തായാലും ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും ഇപ്പോള്‍ കൂട്ടിന് വന്നിട്ടുണ്ട്. ആകെപ്പാടെ, ഭയം നടമാടുന്ന അന്തരീക്ഷമാണ് ആ വീട്ടില്‍ ഉള്ളത്. 'കോണ്‍ജുറിംഗ്' എന്ന ഇംഗ്ലീഷ് സിനിമ കാണുന്നത് പോലെ ഒരു അനുഭവം. 

ഭയം (Fear) എന്നത് എല്ലാ മനുഷ്യരിലും ജന്മനാ ഉള്ള ഒരു അടിസ്ഥാന ചോദനയാണ്. പരിഷ്കൃത സമൂഹങ്ങള്‍ പോലും അതില്‍ നിന്നും മുക്തമല്ല. പലപ്പോഴും അനാവശ്യ ഭയങ്ങള്‍ നാം തന്നെ വെറുതെ ഉണ്ടാക്കുകയാണ് എന്നതാണ് സത്യം. ധൈര്യം എന്നതും ജന്മനാ ഉള്ളതുതന്നെ. സ്വയം നിര്‍മ്മിച്ച അനാവശ്യ ഭയങ്ങള്‍ ധൈര്യത്തെ മറികടന്നാല്‍ ജീവിതം ഭയം നിറഞ്ഞതാകും. മറിച്ചാണെങ്കില്‍ എന്തിനെയും നേരിടാനും കഴിയും. പാരമ്പര്യമായോ കെട്ടുകഥകളിലൂടെയോ നമ്മുടെ ചെറിയ പ്രായത്തില്‍ നമുക്ക് കിട്ടുന്ന അറിവാണ് നമ്മുടെ മനസ്സില്‍ ചില ഭീകര രൂപങ്ങള്‍ ഉണ്ടാക്കി വെക്കുന്നത്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും 'പ്രേതം' തുടങ്ങിയ വിശ്വാസങ്ങള്‍ ഇന്നും നില നില്‍ക്കുന്നത് അത്ഭുതം തന്നെ. 

ഡിജിറ്റല്‍ സാങ്കേതിക വിദ്യ പുരോഗതി പ്രാപിക്കുകയും കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറുകയും ചെയ്തു. കഥകള്‍ കേള്‍ക്കാനില്ലാതെയായി. എന്നാല്‍ അതിലേറെ ആപത്താണ് പല ദൃശ്യമാധ്യമങ്ങളും കുട്ടികള്‍ക്ക് പകരുന്നത്. പ്രത്യേകിച്ച് കൌമാരകാലത്ത്. 'പിരീഡ് ഓഫ് സ്ട്രെസ്സ് ആന്‍ഡ് സ്ട്രെയിന്‍' എന്നാണ് മനഃശാസ്ത്രത്തില്‍ കൗമാര കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. അച്ഛനമ്മമാരുടെ സാമീപ്യവും ധൈര്യം നല്‍കലും ഏറെ ആവശ്യമുള്ള കാലമാണ് ഇത് പക്ഷെ നിര്‍ഭാഗ്യവശാല്‍ പല വീടുകളിലും കൌമാരക്കാര്‍ കടുത്ത ഏകാന്തത അനുഭവിക്കുകയാണ്. അത്തരം അരക്ഷിതാവസ്ഥയാണ് അന്ധവിശ്വാസങ്ങളിലേക്ക് അവരെ നയിക്കുന്നത്. ഇവിടെ ധൈര്യം നല്‍കേണ്ട അമ്മയും അച്ഛനും പോലും ഭയത്തിന്‍റെ പിടിയിലാണ്. 'മാനവികമായ സംവേദനങ്ങളെയും, ആശയവിനിമയങ്ങളെയും സാങ്കേതികവിദ്യ കീഴ്പ്പെടുത്തുകയും, ലോകം വിഡ്ഢികളായ ഒരു തലമുറയാല്‍ സമ്പന്നമാവുകയും ചെയ്യുന്ന ഒരു കാലത്തെ ഞാന്‍ ഭയക്കുന്നു' എന്ന് പ്രവചിച്ച മഹാനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വാക്കുകള്‍ ഇപ്പോള്‍ ഏറെക്കുറെ സത്യമായിരിക്കുന്നു.

ഓജോ ബോര്‍ഡും മെന്റലിസവും ദ്വിതീയ വ്യക്തിത്വവും പകര്‍ന്നു നല്‍കുന്ന സിനിമകള്‍ ഒരു വശത്ത്, ബ്ലൂ വെയില്‍ പോലുള്ള രാക്ഷസ ഗെയിമുകള്‍ മറ്റൊരു ഭാഗത്ത്‌; നമ്മുടെ കുഞ്ഞുങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസത്തിന്‍റെ വിത്തെറിയാതെ, സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമാണിത് (ജ്യോല്‍സ്യന്മാര്‍ക്കും മന്ത്രവാദികള്‍ക്കും അത് കഷ്ടകാലം ആണെങ്കിലും).

അനുഭവത്തിന്‍റെ ശാസ്ത്രം കുട്ടിയേയും അമ്മയെയും അല്പം ഒന്നു പറഞ്ഞു മനസ്സിലാക്കി. തുറന്നിട്ട ജനാലയിലൂടെ വരുന്ന കാറ്റ്  മുതല്‍ സ്വന്തം ശ്വാസവായു വരെ 'ചാര്‍ലി'യായി മാറാം. പ്രത്യേകിച്ച് ഒരു മുറിയില്‍ ഒറ്റയ്ക്ക്  ഇരിക്കുമ്പോള്‍. പക്ഷെ, അവര്‍ക്ക് വേണ്ടത് അതൊന്നുമായിരുന്നില്ല. 'ചാര്‍ളി'യെ അവിടെ നിന്നും ഒന്നു മാറ്റിത്തരണം. അതു മാത്രം.

ഇനി അധികം മനശ്ശാസ്ത്രം വേണ്ട, തന്ത്രശാസ്ത്രം  തന്നെ പ്രധാനം. പ്രശ്നം വച്ച് നോക്കി. വന്നത് അവരുടെ മരിച്ചു പോയ ബന്ധുക്കള്‍ ആരുമല്ല എന്ന് ഉറപ്പു വരുത്തി. 'ചരേ വിലഗ്നെ രിപു നാഥ ദൃഷ്‌ടെ......' തുടങ്ങിയ പ്രമാണത്താല്‍ നോക്കിയിട്ടും 'ഷഷ്ടെശ ജാതിം ദ്വിഷതോ ....' എന്ന രീതിയില്‍ നോക്കിയിട്ടും ആഭിചാരം ഒന്നും കണ്ടില്ല. ഗുളികന്‍റെ  സ്ഥാനം കണക്കാക്കി പ്രേതം ബാലഗ്രഹ ബാധ ഉണ്ടാക്കുന്ന ഒരു ആത്മാവാണെന്നു മനസ്സിലാക്കി. ശനി, കുജന്‍ തുടങ്ങിയവയുടെ സ്ഥിതിയാല്‍ അന്യ ദേശത്ത് നിന്നുള്ള ഒരു 'പോക്കു വരത്താണ്' എന്ന് കണ്ടെത്തി.   ഉപദ്രവത്തിനായി വന്നതല്ല.  ചെറിയ ഒരു പൂജയ്ക്ക് വട്ടം കൂട്ടാനുള്ള ഒരുക്കു പടികള്‍ കുറിച്ചു കൊടുത്തു. അടുത്ത വെള്ളിയാഴ്ച രാത്രി സുദര്‍ശനവും ആവാഹനവും നടത്തി ഞാനും എന്‍റെ അടുത്ത സുഹൃത്തായ മാന്ത്രികനും മടങ്ങാന്‍ ഒരുങ്ങി.      

ആവാഹനം കഴിഞ്ഞിട്ടും ചാര്‍ലി പോയോ എന്ന് വിനുവിന്‍റെ അമ്മയ്ക്ക് സംശയം ഉണ്ടോ എന്നെനിക്കു തോന്നി. ഞാന്‍ എല്ലാവരെയും മുറിക്കകത്ത് ഒരു ഭാഗത്തായി മാറ്റി നിര്‍ത്തി. ജനാലകളും വാതിലുകളും നന്നായി അടച്ചിരുന്നു. പെന്‍സിലുകള്‍ക്ക് അടുത്ത് ചെന്ന് ഞാന്‍ ചോദിച്ചു"ചാര്‍ലീ ചാര്‍ലീ ആര്‍ യു ഹിയര്‍?" പെന്‍സില്‍ അനങ്ങിയില്ല. വീണ്ടും ചോദ്യം ......... പെന്‍സില്‍ നിശ്ചലമായി നിന്നു. ചാര്‍ലി കുടത്തില്‍ വെള്ളി തകിടില്‍ സുഖമായി കുടി കൊള്ളുന്നു. ആ പെന്‍സിലുകളും പേപ്പറും ഞങ്ങള്‍ എടുത്തു പട്ടില്‍ പൊതിഞ്ഞു ഭദ്രമായി കെട്ടി കൈയില്‍ എടുത്തു. 'ഇനിയൊന്നും ഭയക്കാനില്ല......... ' മുറിയില്‍ പുണ്യാഹം തളിച്ചു കൊണ്ട് എന്‍റെ സുഹൃത്ത് പറഞ്ഞു. സന്തോഷത്തോടെ അവര്‍ ഞങ്ങളെ യാത്രയാക്കി. 'രാത്രിയാണ്; സൂക്ഷിക്കണേ മക്കളെ' എന്ന് അപ്പൂപ്പന്‍റെ ഓര്‍മ്മിപ്പിക്കല്‍. എല്ലാം ശുഭമായി. 

നാം കുട്ടികളെ പഠിപ്പിക്കുന്നത്‌ എന്താണ്? എന്തിനാണ്? ട്രിഗ്ണോമെട്രി മുതല്‍ റോക്കറ്റ് വിക്ഷേപണം വരെയും ഫ്രഞ്ച് വിപ്ലവം മുതല്‍ നോട്ടു പരിഷ്കാരം വരെയും പാവം കുഞ്ഞുങ്ങളുടെ കുഞ്ഞിത്തലയില്‍ അടിച്ചു കയറ്റുമ്പോള്‍ ഭയം കൂടാതെ, അന്ധ വിശ്വാസങ്ങള്‍ക്ക് അടിമപ്പെടാതെ, വഴിയില്‍ കാലിടറാതെ അന്തസ്സായി ജീവിക്കാന്‍ കൂടി അവരെ പ്രാപ്തരാക്കേണ്ടേ!
 (image:cndajin.com)

Friday, December 14, 2018

ആത്മാക്കള്‍ തിരികെ വരുമോ?




നമ്മുടെ ഒപ്പം ജീവിച്ചിരുന്നവര്‍ മരിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്ത് സായൂജ്യം വരുത്തിയാലും ആ ആത്മാവ് തിരികെ നമ്മുടെ അടുത്ത് വരുമോ? മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന് ശാസ്ത്രം പറയുമ്പോഴും അതിനു വിരുദ്ധമായ അഭിപ്രായമാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെപ്പോലുള്ളവര്‍ പറയുന്നത്. തികഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരനും ശാസ്ത്ര പക്ഷ വിശ്വാസിയുമായ അദ്ദേഹം ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അന്തരിച്ച നീരജാ മിശ്രയുടെ (വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന ഒരു വിമാനാപകടത്തില്‍ മരിച്ച എയര്‍ഹോസ്റ്റസ്‌ ആണ്‌ നീരജ മിശ്ര) ആത്മാവും സംസാരിക്കുന്ന നിഗൂഡ ശക്തിയായി അറിയപ്പെടുന്നു. അമേരിക്കന്‍ വിശ്വാസങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് പരേതരുമായുള്ള ബന്ധം. പുരാതന കാലം മുതലേ ആത്മാക്കളുമായി സംവദിക്കുന്ന ഒരു ടർക്ക് – മംഗോൾ ആചാരാനുഷ്ടാനമാണ് ഷാമെനിസം. കൂടാതെ, നമ്മുടെ നാട്ടില്‍ പോലും, മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു പണം (മാനവും) തട്ടുന്ന 'ആധുനിക സ്പിരിച്വലിസ്റ്റു'കളും വാര്‍ത്തകളില്‍ നിറയുന്ന കാലമാണിത്.

ജ്യോതിഷ പ്രാക്ടീസിനിടയില്‍ വന്ന പരിമിതമായ അനുഭവങ്ങളില്‍ ഒന്ന് കുറിക്കുന്നു. സദാശിവന്‍ ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ്‌. തികഞ്ഞ ദൈവ വിശ്വാസിയും. അയാളുടെ അച്ഛന്‍ കുറേക്കാലം മുമ്പ് മരിച്ചു. അന്ന് ജ്യോല്‍സ്യനെക്കൊണ്ട് ലക്ഷണം നോക്കിച്ചു. കുറിച്ച് കൊടുത്ത കര്‍മ്മങ്ങള്‍ ചെയ്തു. അച്ഛന്‍ മോക്ഷം പ്രാപിച്ചതായി പിന്നീട് ജ്യോത്സ്യന്‍ പ്രശ്നം വച്ച് ഉറപ്പു വരുത്തുകയും ചെയ്തു. പക്ഷേ അച്ഛന്‍ ഇപ്പോഴും വീട്ടില്‍ ഉള്ളതായാണ് അയാളുടെ അനുഭവം. എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ വരുത്തിയാല്‍ അച്ഛന്‍ ശാസിക്കുന്നു. തന്നെ മാത്രമല്ല, തന്‍റെ ഭാര്യയേയും കുട്ടികളെയും. ഇതൊക്കെ വിശ്വാസത്തിന്‍റെ മാത്രം പ്രശ്നമാണെന്നും കര്‍മ്മങ്ങള്‍ ചെയ്തതിനാല്‍ ഭയപ്പെടാന്‍ ഒന്നുമില്ല എന്നും ഞാന്‍ ആശ്വസിപ്പിച്ചു. പക്ഷെ, അയാള്‍ക്ക്‌ ആ മറുപടി അത്ര പോരാ. ആത്മാവ് എന്നത് ശരീരമുള്ള ഒരു വ്യക്തിയെപ്പോലെ പെരുമാറുന്നത് എങ്ങനെ എന്ന എന്‍റെ ചോദ്യമൊന്നും അയാളുടെ യുക്തിക്ക് മുന്നില്‍ വിജയം കണ്ടില്ല.

മറ്റൊരു വിശദീകരണമാണ് അയാള്‍ പറയുന്നത്. അയാള്‍ക്ക്‌ തന്‍റെ അച്ഛനെ നിഴലുപോലെ കാണാം. പ്രത്യേകിച്ച് അമാവാസി രാത്രികളില്‍. ശബ്ദത്തിലൂടെയുള്ള നിര്‍ദ്ദേശം കേള്‍ക്കാം. മറ്റുള്ളവര്‍ക്ക് രൂപം കാണാന്‍ കഴിയില്ല; പക്ഷെ ശബ്ദം കേള്‍ക്കാം. മറ്റൊരു രസകരമായ കാര്യം, സദാശിവന്‍ അച്ഛന്‍ പറഞ്ഞു കൊടുത്തത് തെറ്റിച്ചാല്‍ അന്ന് സംസാരത്തിന് മുന്‍പ് തന്നെ അച്ഛന്‍ ഏതെങ്കിലും വസ്തു തട്ടി തെറിപ്പിക്കുമത്രെ! ദേഷ്യം വന്നിരിക്കുന്നു എന്നാണ് അതിനര്‍ത്ഥം. പിന്നെ കാര്യങ്ങള്‍ എല്ലാം സംസാരിച്ച് ശാന്തനായി മടങ്ങും. തന്‍റെ ഔദ്യോഗിക കാര്യങ്ങളിലും അച്ഛന്‍റെ നിര്‍ദ്ദേശങ്ങള്‍ വളരെ ഫലപ്രദമാണെന്നാണ്‌ അയാളുടെ അഭിപ്രായം. പക്ഷെ, പിതൃക്കളെ ഇങ്ങനെ ഭൂമിയില്‍ നിര്‍ത്തുന്നത് കുടുംബ ശാപത്തിന് കാരണമാകും എന്ന് അറിഞ്ഞിട്ടാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ഇത്തരം പല വിശ്വാസികളെയും പോലെ, പലരെയും കണ്ടു അഭിപ്രായം ചോദിച്ച്, നല്ലൊരു തുകയും ഇതിനകം കളഞ്ഞിട്ടുണ്ട്.


ആധുനിക ശാസ്ത്രത്തില്‍ 'ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോഡര്‍' എന്ന് പറയുന്ന അവസ്ഥയാണ് എനിക്ക് തോന്നിയത്. കുട്ടിക്കാലത്തെ മാനസിക സമ്മര്‍ദ്ദം, അച്ഛനോടുള്ള അമിത വിധേയത്വവും ഭയവും, കൂടാതെ, എല്ലാം കൃത്യമായിരിക്കണം എന്ന്‍ നിര്‍ബന്ധമുള്ള 'പെര്‍ഫക്ഷനിസം' എന്ന സ്വഭാവം, സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള വ്യാകുലത, അപ്പോള്‍ അച്ഛന്‍ കൂടെയുണ്ടെങ്കില്‍ എല്ലാം ശരിയാകും എന്ന വിശ്വാസം ഇതെല്ലാം ചേര്‍ന്ന് അയാളറിയാതെ അയാളില്‍ മറ്റൊരു വ്യക്തിത്വം കൂടി ചേര്‍ത്തിരിക്കുന്നു. തലച്ചോറിന്‍റെ വലതു പകുതിയില്‍ ഉള്ള ന്യൂറോണുകളുടെ വൈകല്യം അദൃശ്യനായ ഒരാളുടെ 'സാന്നിധ്യ'ത്തിനു കാരണമാകുമെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മസ്തിഷ്കത്തിലെ ഗ്ളൂട്ടമേറ്റ് (glutamate), ഡോപമൈന്‍ (dopamine) എന്നീ രാസസംയുക്തങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നും വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. സ്കിസോഫ്രീനിയ എന്ന രോഗാവസ്ഥയില്‍ മരുന്നുകളോടൊപ്പം സൈക്കോ തെറപ്പി എന്ന മനശാസ്ത്ര ചികിത്സയും ചെയ്യേണ്ടി വരും. ഇയാളുടെ കേസില്‍ 'ആന്ത്രോപോമോര്‍ഫിസം' എന്ന മനുഷ്യ സ്വഭാവം കൂടി ഉള്‍പ്പെട്ടിട്ടുണ്ടാവാം. തന്‍റെ വ്യക്തിത്വത്തെ തന്‍റെ അച്ഛനായി ആരോപിച്ച് സ്വയം പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള വ്യഗ്രതയാകാം. 

സംസാരം ഇങ്ങനെ പുരോഗമിച്ചെങ്കിലും, ജ്യോല്‍സ്യനില്‍ നിന്നും ആ രീതിയിലുള്ള ശാസ്ത്രീയ വീക്ഷണമല്ല അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്നെനിക്കു മനസ്സിലായി. മഹാരഥന്‍മാരായ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ആര്‍തര്‍ കോനന്‍ ഡോയല്‍ എന്നിവര്‍ക്ക് പരേതാത്മാവിന്‍റെ സാന്നിധ്യം കാണാമെങ്കില്‍ എന്തുകൊണ്ട് സദാശിവന് ആയിക്കൂടാ! ഇവിടെ ജ്യോതിഷം, തന്ത്ര ശാസ്ത്രം എന്നിവയിലൂടെ പരിഹാരം കണ്ടേ അദ്ദേഹത്തിന് തൃപ്തിയാകൂ. 

സംസാരത്തിനിടയില്‍ എന്നെ ഞെട്ടിച്ചുകൊണ്ട് എന്‍റെ തൊട്ടുമുന്നിലിരുന്ന പെന്‍ സ്റ്റാന്‍ഡ് തനിയെ തെറിച്ചു ഭിത്തിയില്‍ തട്ടി വീണു. സദാശിവന്‍റെ പിതാവിന് ദേഷ്യം വന്നിരിക്കുന്നു. 'ശരി' എന്ന് മാത്രം അയാള്‍ മന്ത്രിക്കുന്നത് കേട്ടു. എങ്കിലും അയാള്‍ ശാന്തനായിരുന്നു. അല്പം വെള്ളം കുടിച്ചു. പിന്നെ എന്നെ നോക്കി ആകാംക്ഷയോടെ ഇരുന്നു. ഒരു മജീഷ്യനേക്കാള്‍ വേഗത്തില്‍ നമ്മുടെ ശ്രദ്ധ പതിയുന്നതിനു മുന്‍പ് ഇപ്രകാരം ചെയ്യാനുള്ള ഇത്തരം പേഷ്യന്റ്റ്കളുടെ സാമര്‍ത്ഥ്യം അത്ഭുതാവഹമാണ്. അവര്‍ അത് സ്വയം ബോധ്യമില്ലാതെയാണ് ചെയ്യുന്നതെങ്കിലും. ചാത്തനേറിന്‍റെ പിന്നിലെ രഹസ്യവും ഇത് തന്നെ.

ജ്യോത്സ്യന്‍ ഒരു മനശാസ്ത്ര വിദഗ്ധന്‍ കൂടി ആകേണ്ടതിന്‍റെ ആവശ്യകത എനിക്ക് ബോധ്യമായി. എങ്കിലും ശാന്തമായി ചില പുരാണ കഥകളുടെ സഹായത്തോടെ പിതൃ പൂജയുടെ പ്രാധാന്യം അയാള്‍ക്ക്‌ വിവരിച്ചു കൊടുത്തു. 'കര്‍മ്മം ചെയ്തപ്പോള്‍ ആത്മാവിനു നിത്യശാന്തി ലഭിക്കണമേ' എന്ന് പ്രാര്‍ഥിച്ചുവോ എന്ന ചോദ്യത്തിന് 'ഇല്ല. ആ സമയത്ത് അച്ഛന്‍ തന്നോട് പരുഷമായി പെരുമാറിയ ചില കാലഘട്ടങ്ങളാണ് ഓര്‍മ്മിച്ചത്' എന്നയാള്‍ പറഞ്ഞു. തന്‍റെ മോശം ചിന്ത മൂലം ആത്മാവിനു പോകാന്‍ കഴിഞ്ഞില്ല എന്ന കുറ്റ ബോധവും ബാല്യത്തിലെ അരക്ഷിതാവസ്ഥയും ചേര്‍ന്നാണ് അയാളില്‍ മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഉണ്ടാക്കിയത്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി നല്ലൊരു കര്‍മ്മിയുടെ അരികിലേക്ക് അയാളെ പറഞ്ഞു വിട്ടു. കര്‍മ്മിയോട് നേരത്തെ തന്നെ ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി എന്ന് പ്രത്യേകം എടുത്തു പറയുന്നു. കാരണം അയാളെ പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ക്രിയാ പദ്ധതിക്ക് മാത്രമേ അയാളെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം വിശ്വാസങ്ങള്‍ക്ക് ഒരു ശാസ്ത്രീയ വിശദീകരണം ശാസ്ത്രകാരന്മാര്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപാട് അന്ധ വിശ്വാസങ്ങള്‍ ഒഴിവാക്കാമായിരുന്നു.


(image: www.theverge.com)

Thursday, February 21, 2013

വിഷ്ടി കരണത്തില്‍ ഒരു വിവാഹം

Related image

ഏതാനും വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്തു. വളരെ ആര്‍ഭാടമായി നടത്തിയ ഒരു ചടങ്ങ്. സമയം ഉച്ചയോടടുത്ത് 11.20. അന്ന് രാവിലെ പതിവ് പോലെ പഞ്ചാംഗം നോക്കിയപ്പോള്‍ വിവാഹ സമയത്ത് വിഷ്ടി കരണം എന്നാണ് കണ്ടത്. എല്ലാം ഒരുക്കി വച്ചിരിക്കുന്നിടത്ത് എന്ത് പറയാന്‍....! എങ്കിലും ഒരു സഹപ്രവര്‍ത്തകനോട് ഒന്ന് സൂചിപ്പിച്ചു.

അദ്ദേഹം അവരുടെ ഒരു ബന്ധുവാണ്. അദ്ദേഹം പറഞ്ഞു "ഇത് അഭിജിത്ത് മുഹൂര്‍ത്തമാണ് ആയതിനാല്‍ യാതൊരു പ്രശ്നവുമില്ല എന്ന് ജ്യൗതിഷി പറഞ്ഞിട്ടുണ്ട്". എനിക്കത് അത്ര  ബോധ്യമായില്ല. ഒന്നാമത് "വിഷ്ടിക്കരണം സര്‍വത്ര വര്‍ജ്യാമി" എന്ന പ്രമാണം. മറ്റൊന്ന് 11.20 നു അന്നത്തെ ദിനമാനം അനുസരിച്ച് അഭിജിത്ത്   മുഹൂര്‍ത്തമാകാന്‍ വഴിയില്ല. കാരണം പകലിന്‍റെ  എട്ടാമത്തെ മുഹൂര്‍ത്തമാണ് അഭിജിത്ത്. എന്തായാലും ജ്യോതിഷം പഠിച്ചാലുള്ള പ്രതിസന്ധി അന്ന് ഞാന്‍ മനസ്സിലാക്കി.  കുറച്ചു ദിവസം കഴിഞ്ഞാണ് നേരത്തെ പറഞ്ഞ ബന്ധു പറഞ്ഞത്. "നിങ്ങള്‍ അന്ന് പറഞ്ഞ പോലെ മുഹൂര്‍ത്തത്തിനു തെറ്റ് വന്നിട്ടാണോ എന്നറിയില്ല, പയ്യന്‍റെ   അച്ഛന്‍ വിവാഹത്തിന്‍റെ  അന്ന് രാത്രി മരിച്ചു...  എല്ലാവര്‍ക്കും  വലിയ വിഷമമായി. പുതിയ പെണ്ണ് വന്നു കയറിയ അന്ന് തന്നെ..........".

ഇനിയും എന്‍റെ പ്രശ്നം തീരുന്നില്ല..... എവിടെയും അഭിജിത്ത് എടുത്ത് പ്രയോഗിക്കാമോ..? മറ്റു ഘടകങ്ങള്‍  കൂടി നോക്കെണ്ടതില്ലേ....? വിഷ്ടിക്കരണത്തില്‍ വിവാഹം നടത്താമോ, അഭിജിത്ത് മുഹൂര്‍ത്തം ആയാലും? ഇതോടൊപ്പം തന്നെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. രണ്ടു യുവ ജന്മങ്ങളുടെ ജീവിതാരംഭമാണ് വിവാഹം. വിശ്വാസം അനുസരിച്ച് ഏറ്റവും ശുഭ മുഹൂര്‍ത്തം തന്നെ ആയതിനു നല്‍കേണ്ടതുണ്ട്. വിശ്വാസം ഇല്ലാത്തവര്‍ മുഹൂര്‍ത്തം നോക്കേണ്ടതുമില്ലല്ലോ.  ശരിക്ക്  സമയം ഗണിക്കാതെ മുഹൂര്‍ത്തം കുറിക്കുന്ന ജ്യോത്സ്യന്മാര്‍ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ വലിയ  ക്രൂരത തന്നെയാണ്, തന്നെ സമീപിക്കുന്നവരോടും ജ്യോതിഷത്തോടും .
(image:dailyindianherald.com)

Saturday, February 9, 2013

വാസ്തുവും വീടും

Image result for old kerala homes images


ഞാന്‍ ഒരു വാസ്തു ശാസ്ത്രപണ്ഡിതനല്ല. ജ്യോതിഷത്തിന്‍റെ  ഭാഗമായി കുറച്ച് അടിസ്ഥാനങ്ങള്‍ മനസ്സിലാക്കിയെന്നു മാത്രം. എന്‍റെ  ഒരു സഹപ്രവര്‍ത്തകന്‍റെ  കൂടെയാണ് ശ്രീ. ഗണേഷ് എന്നെ കാണാന്‍ വന്നത്. പുതിയ വീട് താമസിക്കാന്‍ കൊള്ളില്ല എന്നാണ് പ്രശ്നം. അവിടെ താമസം സുഖമില്ല. എന്നും അസുഖം, കുട്ടികള്‍ക്ക് പഠനം ശരിയാവുന്നില്ല. ആര്‍ക്കും മനസ്സുഖമില്ല ഉറക്കം പോലും ശരിയാവുന്നില്ല....... ഇങ്ങനെ പോകുന്നു പ്രശ്നങ്ങള്‍. പ്രശ്നം വയ്ക്കുന്നതിനിടെ പലപ്പോഴും അദ്ദേഹം തന്‍റെ കൈമുട്ടില്‍ സ്പര്‍ശിച്ചിരുന്നു. മറ്റാരുടെയോ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആദ്യം വന്നപ്പോള്‍ ഇരുവരും സംസാരിച്ചിരുന്നത്. കവിടികളിലും മൃത്സൂചന. ജനാലയിലൂടെ നോക്കുമ്പോള്‍ കണ്ട ബലിക്കാക്ക. ഇവയില്‍ നിന്നും ഞാന്‍  എത്തിയ നിഗമനം അദ്ദേഹത്തിന്‍റെ  വീടിരിക്കുന്ന ഭൂമി(വാസ്തു) ആരെയോക്കെയോ സംസ്കരിച്ച സ്ഥലമായിരുന്നു എന്നാണ്. ഒരു പക്ഷെ, ഒരു ശ്മശാനം പോലും ആകാം..

അന്വേഷിച്ച ശേഷം ഒരിക്കല്‍ കൂടി വരാന്‍ പറഞ്ഞു വിട്ടു. രണ്ടു ദിവസത്തിന് ശേഷം വിചിത്രമായ വാര്‍ത്തയുമായി അദ്ദേഹം എത്തി. അത് മുന്‍പ് ഏതോ സമുദായത്തിന്‍റെ ശ്മശാന  ഭൂമി ആയിരുന്നു. പിന്നീട് കയ്യേറ്റത്തിലൂടെ ആരുടെയൊക്കെയോ കൈവശം എത്തി. നഗരത്തിനുള്ളില്‍ ന്യായ വിലയ്ക്ക് വസ്തു കിട്ടിയപ്പോള്‍ ഗണേഷും അധികം ആലോചിച്ചില്ല. ഇനി എന്താണ് ചെയ്യുക? വീട്  പണിതതിനാല്‍ ഇനി സപ്ത ശുദ്ധി ക്രിയകള്‍ കഴിയില്ലല്ലോ. പൂജകളില്‍ അവഗാഹമുള്ള സുഹൃത്തുമായി ആലോചിച്ച് വലിയ ചെലവില്ലാത്ത ഒരു വാസ്തു ശുദ്ധി ക്രിയ, വാസ്തു സംരക്ഷണ പൂജ ഇവ നടത്താന്‍ നിര്‍ദ്ദേശിച്ചു. പൂജകള്‍ അദ്ദേഹം നടത്തി. എന്നാല്‍ ശ്മശാനമാണെന്ന് അറിഞ്ഞുകൊണ്ട് ഇനി അവിടെ താമസിക്കാന്‍ കഴിയില്ല എന്ന് ഗണേഷ് തീരുമാനിച്ചു. ഏതോ ഹതഭാഗ്യന്‍റെ കൈയിലേക്ക്‌ ആ ഭൂമി വീണ്ടും എത്തിച്ചേര്‍ന്നു.

ഒരിക്കലും ആരെയും സംസ്കരിക്കാത്ത ഭൂമി വളരെ വിരളം. പക്ഷെ, ശ്മശാന ഭൂമി താമസിക്കാന്‍ കൊള്ളില്ല. വിശ്വാസപരമായും ശാസ്ത്രീയമായും. ചിതാഗ്നിയില്‍ ചാമ്പലാകാതെ കിടക്കുന്ന അസ്ഥി ഖണ്ഡങ്ങളിലെ ഫോസ്ഫറസ് ശ്വാസം മുട്ടല്‍ മുതല്‍ മാനസിക രോഗം വരെ വരുത്താന്‍ കഴിവുള്ളതത്രേ. പല ശ്മശാനത്തിലും പ്രേതബാധ കാണുന്നതിനും ശാസ്ത്രീയ കാരണം ഇതൊക്കെയാണ്.  സ്ഥലം വാങ്ങുന്നതിന് മുന്‍പ് പരമാവധി അക്കാര്യം കൂടി ശ്രദ്ധിക്കണം. പ്രത്യേകിച്ചും നഗരങ്ങളില്‍.
(image: www.gounesco.com)

Thursday, January 31, 2013

ഐശ്വര്യങ്ങള്‍ സ്ഥിരമല്ല

 Image result for palanquin images

നമ്മുടെ ജീവിതം ഓരോ നിമിഷവും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പലരും ഇതൊന്നും അറിയുന്നില്ല. അഥവാ അറിയാന്‍ ശ്രമിക്കാറില്ല. താനും തന്‍റെ കുടുംബവും ജോലിയും ഇത്രയുമാണ് അവരുടെ ലോകം. ദൈവവും ഈ വൃത്തത്തിനു പുറത്താണ് പലപ്പോഴും. വല്ലപ്പോഴും എന്തെങ്കിലും ബുദ്ധിമുട്ടുള്ളപ്പോള്‍ ദൈവത്തെ വിളിക്കും, പിന്നെ സൗകര്യം പോലെ മറക്കും . പലരും ഐശ്വര്യം വരുമ്പോള്‍ തന്നെ പോറ്റി വളര്‍ത്തിയവരെയും വന്ന വഴികളും മറക്കും.

ഉയര്‍ന്ന ജോലിയിലിരുന്നു ഈയിടെ പെന്‍ഷനായ ഒരാള്‍ യാദൃശ്ചികമായി കാണാന്‍ വന്നു. "ഇപ്പോള്‍ സമയം ശരിയല്ല. ശനി പിഴച്ചു..... ഒന്നും ശരിയാകുന്നില്ല. ജന്മത്തില്‍ രാഹുവാണ്..... വ്യാഴത്തിന്റെ ദൃഷ്ടിയില്ല......... പരിഹാരം പറയണം ." ഇങ്ങനെ പോയി വിവരണം. ആദ്യം തമാശയായി ഞാന്‍ പറഞ്ഞു " പ്രശ്നങ്ങള്‍ എല്ലാം സാര്‍ തന്നെ കണ്ടു പിടിച്ച സ്ഥിതിക്ക് ഇനി പരിഹാരം മാത്രമായി ഞാന്‍ നോക്കണോ...?" ഏതായാലും അദ്ദേഹത്തിന്‍റെ ദയനീയ അവസ്ഥ കണ്ടപ്പോള്‍ കൂടുതല്‍ പറയാതെ പ്രശ്നം പരിശോധിച്ചു. അദ്ദേഹത്തിന് ശനി ദശയാണ്. ആദിത്യന്‍റെ  അപഹാരവും. 

'മരണം തു വാ രിപുഭയം  സതതം ഗുരുവര്‍ഗരുഗ് ജഠര നെത്രരുജ ധനധാന്യ മിത്ര വിഹതിശ്ച ഭവേ ദ്രവിജരുരാവിശതി തീവ്രകരേ ' ഇതാണ് അവസ്ഥ. കഠിനമായ ശത്രുഭയം, ഗുരുജനാരിഷ്ടത, രോഗം, ബന്ധു നാശം, മനോ ദുഃഖം, ധനം ധാന്യം ഇവ ക്ഷയിക്കുക, വ്യാധികള്‍ ഇവ സാമാന്യ ഫലം. ഗ്രഹ സ്ഥാനമനുസരിച്ച് ചെറിയ വ്യത്യാസം വരാം.

 ഇയാള്‍ ജോലിയില്‍ ഇരുന്ന കാലത്ത് ഒരിക്കല്‍ വന്നിരുന്നു. അന്ന് വ്യാഴ ദശാ കാലമായിരുന്നു. നോക്കിലും വാക്കിലും ധാര്‍ഷ്ട്യം, പൊതുജനങ്ങള്‍ അദ്ദേഹത്തെ ശല്യപ്പെടുതുകയാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ 'പബ്ലിക് സര്‍വന്റിന്‍റെ' നയം മനസ്സിലായി. പെരുമാറ്റത്തില്‍ സൌമ്യത വേണമെന്നും ജന ശാപം കുടുംബ ദോഷവും അനൈശ്വര്യവും വരുത്തുമെന്നുമുള്ള എന്‍റെ ഉപദേശം അന്ന്  അദ്ദേഹത്തിന് തീരെ പിടിച്ചില്ല. മക്കളുടെ കാര്യം നോക്കാനാണ് വന്നത്. ശനി ദശാ കാലത്ത് മക്കളെക്കൊണ്ട് ദുഖമുണ്ടാകും എന്ന് ഞാന്‍ പറഞ്ഞതും അന്ന് അത്ര ദഹിച്ചില്ല. ഇപ്പോള്‍ മകള്‍ ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്തു. ഇദ്ദേഹത്തിനു എറ്റവും വിരോധമുള്ള അന്യ മത വിഭാഗത്തിലെ ഒരാളുടെ മകനെ.... സ്വന്തം മകന് പിതാവുമായി വലിയ അടുപ്പവുമില്ല. പ്രതീക്ഷിച്ച രീതിയിലുള്ള ജോലിയും കിട്ടിയില്ല. സുഹൃത്തുക്കളേക്കാള്‍ ശത്രുക്കളെയാണ് ജോലിയിലിരുന്നു സൃഷ്ടിച്ചത്. ഇപ്പോള്‍ രോഗം, ഏകാന്തത.... എല്ലാ ക്ഷേത്രത്തിലും ഓടിയിട്ടും ഈശ്വരന്‍ കനിയുന്നുമില്ല. പിഴിഞ്ഞ് സമ്പാദിച്ചതൊക്കെ ഡോക്ടര്‍മാര്‍ ഊറ്റി എടുക്കുന്നു. ഭാര്യ മക്കളുടെ ഒപ്പമാണ്. 

"സ്വയംകൃതാനര്‍ത്ഥം" എന്ന് പറയാനാണ് തോന്നിയത്. പക്ഷെ വ്രണത്തില്‍ കുത്തരുതല്ലോ....   ചില വഴിപാടുകള്‍ പറഞ്ഞു കൊടുത്തു. സൂര്യശാന്തിക്ക് രക്ത ചന്ദന സമര്‍പ്പണം , അശ്വ പ്രതിമാ ദാനം, മൃത്യുഞ്ജയ  ജപം തുടങ്ങിയവ. നീരാജനവും നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ കുറെ ശാന്തി കിട്ടുന്നതായും മകന്‍ ഇടക്കിടെ വീട്ടില്‍ വരാന്‍ തുടങ്ങിയെന്നും ഈയിടെ അദ്ദേഹം ഫോണില്‍ പറഞ്ഞു. എങ്കിലും അനുഭവം കൊണ്ടു നമുക്കറിയാം കര്‍മ്മ ഫലം കുറെയെങ്കിലും അനുഭവിക്കാതെ അയാള്‍ക്ക്‌ ഭൂമി വിട്ടു പോകാനാവില്ല.
image:democracyforum.blogspot.com)