
"സ്ഥലം വാങ്ങുന്നത് വരെ ആരും ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ പറയുന്നു ശാപം കിട്ടിയ ഭൂമി ആണെന്ന്. ഇനി എന്ത് ചെയ്യണം?" ജോസഫ് ചാക്കോ എന്ന അദ്ധ്യാപകന്‍ വളരെ വിഷമത്തോടെ ചോദിച്ചു. അദ്ദേഹത്തിന്‍റെ ഏകദേശം 30 വര്‍ഷത്തെ അധ്വാന ഫലമാണ് ആ ഭൂമി വാങ്ങാന്‍ ചെലവഴിച്ചത്.
"എന്താണ് ഈ പറയുന്ന ശാപം ?"
ചോദ്യത്തിന് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. "ആ ഭൂമി വളരെ ഭക്തനായ ഒരാളുടെ വക ആയിരുന്നു. അയാള്‍ വളരെ കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. മകന്‍ ആകട്ടെ പല വിധത്തില്‍ കടം വരുത്തി വച്ചു. ഒടുവില്‍ കേസില്‍ ജയില്‍ വാസം ലഭിക്കുമെന്നായപ്പോള്‍ ഈ ഭൂമി വില്‍ക്കാന്‍ അച്ഛനെ നിര്‍ബന്ധിച്ചു തുടങ്ങി. അച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍ ചില ഗുണ്ടകളുടെ സഹായത്തോടെ അച്ഛന്‍റെ വിരല്‍ പതിപ്പിച്ച് സ്ഥലം മറ്റൊരാള്‍ക്ക് വിറ്റു. കണ്ണീരോടെയാണ് അദ്ദേഹം തിരികെ വന്നത്. പിന്നെ അധിക ദിവസം ജീവിച്ചതുമില്ല. മകന്‍ കൈകാലുകള്‍ തളര്‍ന്നു കിടപ്പിലാണ്. ആ സ്ഥലം വാങ്ങിയ വ്യക്തിയും അധികം വൈകാതെ ക്യാന്‍സര്‍ ബാധിതനായി. ഇപ്പോള്‍ ചികിത്സക്കായാണ് എനിക്ക് ഈ സ്ഥലം വില്പന നടത്തിയത്. അങ്ങനെ ആകെ ശാപം കിട്ടിയ സ്ഥലം ആണത്രേ".
"ഇത് വളരെ സാധാരണ സംഭവം അല്ലേ? ഇതില്‍ നിന്ന് താങ്കള്‍ക്ക് ശാപം ഉണ്ട് എന്ന് എങ്ങനെ കണക്കാക്കും? ഞാന്‍ ചോദിച്ചു.
"അവിടെ താമസം തുടങ്ങിയത് മുതല്‍ മനസ്സിന് സ്വസ്ഥതയേയില്ല". അദ്ദേഹം പറഞ്ഞു.
ഷഷ്‌ഠേശോ നവമേ രിപൗനവമപഃ പിതൃര്‍വ്വാഗുരോ
പൂര്‍വ്വേഷാമഥവാത്മന സ്വവിഷയം വിജ്ഞേയമപ്രീണനം "
എന്ന പ്രമാണം അനുസരിച്ചുള്ള ശാപം (അപ്രീണനം) ക്രൂരത കാട്ടിയ മകനുമേല്‍ അല്ലാതെ പാവം അധ്യാപകന് മേല്‍ എന്തിന് പതിയണം? ഇദ്ദേഹത്തിന് അഞ്ചിലോ ഏഴിലോ ഭാഗ്യ സ്ഥാനത്തോ ധനസ്ഥാനത്തോ ഗുളിക ബന്ധവും കാണുന്നില്ല.
കരുതിക്കൂട്ടിയോ പ്രേരണയാലോ ചെയ്ത് കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ ശാപങ്ങളായി മാറി ജീവിതം ഇരുളിലാക്കുന്നു. പ്രത്യേകിച്ച് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത സഹജീവികളോട് ചെയ്യുന്നവ. ഇതൊരു പൊതു തത്വമാണ്.എല്ലാ മതവിശ്വാസത്തിലും ഉള്ളതുമാണ്.
പലപ്പോഴും മരിച്ചു മണ്ണോടു ചേര്‍ന്നവരോട് ജീവിച്ചിരിക്കുന്നവര്‍ കാണിക്കുന്ന അനാദരവാണ് ഭൂമിക്കു ശാപമുണ്ട് എന്ന് തുടങ്ങിയ ഇത്തരം പ്രചാരണങ്ങള്‍. 'ഞാന്‍' 'എന്‍റെ ' എന്നതില്‍ നിന്ന് മാറി ഒന്നു ചിന്തിച്ചാല്‍ ഈ മണ്ണ് നമ്മുടെതാണോ? മുന്‍പ് മറ്റാരുടെയോ ആയിരുന്നു. ഇനി നമ്മളുടെ കാലം കഴിഞ്ഞാല്‍ മറ്റാരുടേതോ ആകും. അപ്പോള്‍ വിറ്റു പോയ സ്ഥലത്തിന് എന്ത് ഉടമസ്ഥത? പിന്നെ എന്ത് ശാപം. ഇതെല്ലാം മനസ്സിന്‍റെ തോന്നലുകളാണ്.
ഇപ്രകാരം യുക്തി പറഞ്ഞുവെങ്കിലും തന്നെ സമീപിക്കുന്നവര്‍ക്ക് പരിഹാരം പറഞ്ഞു കൊടുക്കേണ്ടത് ജ്യോത്സ്യന്‍റെ ഉത്തരവാദിത്വവും ധര്‍മ്മവും ആണ്. ആയതിനാല്‍ സ്ഥലത്ത് നിന്നും ശാപം ഒഴിവാക്കാനുള്ള ഒരു ക്രമം പറഞ്ഞു കൊടുത്തു. വീട്ടുകാരുടെ ദിനചര്യ അതിന്‍ പ്രകാരം ഒരാഴ്ച നടത്താന്‍ നിശ്ചയിച്ചു. കൂടാതെ, ഏഴ് ദിവസത്തേക്ക് പുണ്യാഹ ശുദ്ധി നടത്തി, സുദര്‍ശനം ചെയ്ത ശേഷം ശാപശക്തിയെ ആവാഹിച്ച് പ്രസാദിപ്പിച്ച്, തിരുമുല്ലവാരത്ത് ഏല്പിച്ച് വിഷ്ണു ക്ഷേത്രത്തില്‍ നമസ്കാരവും ഊട്ടും നല്‍കി. സ്ഥല രക്ഷ, ദേഹരക്ഷ എന്നിവയും നല്‍കി. മതപരമായ വിവാദം ഒഴിവാക്കാന്‍ മറ്റാരുമായും ചര്‍ച്ച ചെയ്തില്ല. അദ്ദേഹത്തിന്‍റെ മതവിശ്വാസപരമായി ഒരു പിടി നാണയം ഉഴിഞ്ഞ് വിശുദ്ധ അന്തോനീസ് പുണ്യവാളന് നല്‍കാനും സ്ഥലം വാങ്ങിയ ദിവസം എല്ലാ വര്‍ഷവും മെഴുകുതിരി തെളിയിച്ചു പ്രാര്‍ഥിക്കാനും നിര്‍ദ്ദേശിച്ചു. കഴിവിന്‍ പടി ദാനവും നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ഏകദേശം ആറു വര്‍ഷം ആയിട്ടുണ്ട്. ഇതുവരെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. വിശ്വാസം അത് തന്നെയാണ് ശക്തി. അതുതന്നെയാണ് നമ്മെ മുന്നോട്ടു നയിക്കുന്ന വെളിച്ചവും.
No comments:
Post a Comment