Saturday, December 15, 2018

പ്രേതത്തെ വിളിക്കുന്ന പെന്‍സിലുകള്‍ (The Ghost's Pencils)

Image result for two pensils photo

കുറെ നാളുകള്‍ക്കു മുന്‍പ് സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായ ഒരു ഗെയിമാണ് 'ചാര്‍ലി ചാര്‍ലി'. പല പ്രമുഖ മാധ്യമങ്ങളും ഈ ഗെയിമിനെ നമുക്ക് പരിചയപ്പെടുത്തി. പെന്‍സില്‍ കൊണ്ട് പ്രേതത്തെ വിളിച്ചു വരുത്തുന്ന ഈ ഗെയിം പക്ഷെ പല വീടുകളിലും ഉണ്ടാക്കിയ പ്രശ്നം ഒട്ടും ചെറുതല്ല. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു യുവതിയായ അമ്മയും ഏകദേശം 14 വയസ്സുള്ള മകന്‍ വിനുകൃഷ്ണനും കൂടി എന്‍റെ വീട്ടില്‍ വരികയുണ്ടായി. വിചിത്രമായ ഒരു കഥയാണ്‌ അവര്‍ക്ക് പറയാനുണ്ടായിരുന്നത്. മകന്‍ സ്കൂളില്‍ നിന്നും വരുന്ന വഴിക്ക് പുതിയ രണ്ടു പെന്‍സിലുകള്‍ ആവശ്യപ്പെട്ടു. അമ്മ സന്തോഷത്തോടെ വാങ്ങി കൊടുക്കുകയും ചെയ്തു. രാത്രി മകന്‍ പതിവുപോലെ മുകള്‍നിലയില്‍ പഠിക്കാനിരുന്നു. അമ്മ അത്താഴം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അച്ഛന്‍ അല്പം ദൂരെ ജോലി ചെയ്യുന്നതിനാല്‍ ഇടയ്ക്കിടെ മാത്രമേ വരികയുള്ളൂ. 

ഏകദേശം രാത്രി ഒന്‍പതര മണിയായപ്പോഴാണ് മകന്‍ ഇതുവരെ ഊണ് കഴിക്കാന്‍ താഴേക്കു വന്നില്ലല്ലോ എന്ന ചിന്ത അമ്മയ്ക്ക് ഉണ്ടായത്. ഉടനെ പടി കയറി മകന്‍റെ പഠന മുറിയില്‍ എത്തി. അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. 

ഒരു മൂലയില്‍ അനങ്ങാന്‍ പോലും കഴിയാതെ പേടിച്ചു വിറങ്ങലിച്ച് വിനു ഇരിക്കുന്നു. മേശപ്പുറത്ത് ഒരു കടലാസില്‍ 'എസ് / നോ ' എന്നെഴുതിയിരിക്കുന്നു. അതില്‍ ഒന്നിനു മേല്‍ ഒന്നായി രണ്ടു പുതിയ പെന്‍സിലും. അമ്മയുടെ ചോദ്യങ്ങള്‍ക്കൊന്നിനും മറുപടിയില്ലാതെ മകന്‍ നിന്നു വിറയ്ക്കുകയാണ്. പരിഭ്രമിച്ചു പോയ അവര്‍ മകനെ ചേര്‍ത്തു പിടിച്ച് താഴെയുള്ള മുറിയിലേക്ക് കൊണ്ടുപോയി. തണുത്ത വെള്ളം കുറെ കുടിച്ച് അല്പം ആശ്വാസം വന്നപ്പോള്‍ മകന്‍ 'പെന്‍സില്‍ ഗെയിമിന്‍റെ' കഥ അമ്മയോട് വിവരിച്ചു. അവന്‍ ചാര്‍ളിയെ വിളിച്ചപ്പോള്‍ പെന്‍സില്‍ 'എസ്' എന്നതിലേക്ക് തിരിഞ്ഞു. അപ്പോള്‍ തന്നെ ഒരു ഞെട്ടല്‍ ഉണ്ടായെങ്കിലും ഒരു ചോദ്യം വീണ്ടും 'ഇന്നെനിക്ക് ക്ലാസ് ടീച്ചറിന്‍റെ വഴക്ക് കിട്ടിയോ?'. ഉത്തരം 'നോ'. വീണ്ടും ചില ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കിട്ടുന്നു. രസത്തോടൊപ്പം ഭീതിയും വളര്‍ന്നു. അടുത്ത ചോദ്യം 'നീ പ്രേതമാണോ?' ഉത്തരം 'എസ്'. അതോടെ നേര്‍ത്ത വിറയല്‍ കുട്ടിയെ ബാധിച്ചു. പെന്‍സിലിന്‍റെ അടുത്ത് നിന്നും മാറി നിന്നു. പക്ഷെ, അവനെ ഞെട്ടിച്ചു കൊണ്ട് ചോദ്യം ആവശ്യപ്പെടുന്ന മാതിരി, പെന്‍സില്‍ ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങിക്കൊണ്ടിരുന്നു. ഇറങ്ങി ഓടാന്‍ പോലും ഭയം അനുവദിച്ചില്ല. ഇപ്പോള്‍ ഭയം അവന്‍റെ പഠനത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. 

ഇനിയാണ് യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത്. ആ പേടിപ്പിക്കുന്ന പെന്‍സിലുകള്‍ എടുത്തു മാറ്റിയോ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. 'ഇല്ല അത് അവിടെത്തന്നെയുണ്ട്‌' അവര്‍ പറഞ്ഞു. 'എന്തുകൊണ്ട് അവ മാറ്റിയില്ല' എന്ന ചോദ്യത്തിന് വിചിത്രമായ ഒരു ഉത്തരമാണ് അവര്‍ പറഞ്ഞത്.

'മോന്‍ പറഞ്ഞ കാര്യം ഞാന്‍ അന്ന് രാത്രി മുഴുവന്‍ ചിന്തിച്ചു കിടന്നു. പിറ്റേന്ന് രാവിലെ അത് എടുത്തു മാറ്റാനായി ഞാന്‍ അവന്‍റെ മുറിയില്‍ പോയി. പക്ഷെ ഞാന്‍ അടുത്ത് ചെന്നതും പെന്‍സില്‍ തനിയെ അനങ്ങി. ഞാന്‍ ഭയന്ന് പോയി. പിന്നെ പുറത്തിറങ്ങി വാതില്‍ അടയ്ക്കുന്നതിനിടെ ഒന്നു കൂടി നോക്കി. അപ്പോഴും അത് ചലിച്ചു. എനിക്കാകെ ഭയമായി. അവിടെ ... എന്തോ ഉണ്ട്. എന്തോ അഴുക്ക്........ പേയ്‌ പോലെ എന്തോ........' 

ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അയാളും അതിനെ അനുകൂലിച്ചുവത്രേ. അയാളാണ് പറഞ്ഞത് ആരുടെ പ്രേതമാണ്‌ വന്നിട്ടുള്ളത് എന്ന് ഏതെങ്കിലും ജ്യോത്സ്യനെ കണ്ടു നോക്കിക്കാന്‍. എന്തായാലും ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും ഇപ്പോള്‍ കൂട്ടിന് വന്നിട്ടുണ്ട്. ആകെപ്പാടെ, ഭയം നടമാടുന്ന അന്തരീക്ഷമാണ് ആ വീട്ടില്‍ ഉള്ളത്. 'കോണ്‍ജുറിംഗ്' എന്ന ഇംഗ്ലീഷ് സിനിമ കാണുന്നത് പോലെ ഒരു അനുഭവം. 

ഭയം (Fear) എന്നത് എല്ലാ മനുഷ്യരിലും ജന്മനാ ഉള്ള ഒരു അടിസ്ഥാന ചോദനയാണ്. പരിഷ്കൃത സമൂഹങ്ങള്‍ പോലും അതില്‍ നിന്നും മുക്തമല്ല. പലപ്പോഴും അനാവശ്യ ഭയങ്ങള്‍ നാം തന്നെ വെറുതെ ഉണ്ടാക്കുകയാണ് എന്നതാണ് സത്യം. ധൈര്യം എന്നതും ജന്മനാ ഉള്ളതുതന്നെ. സ്വയം നിര്‍മ്മിച്ച അനാവശ്യ ഭയങ്ങള്‍ ധൈര്യത്തെ മറികടന്നാല്‍ ജീവിതം ഭയം നിറഞ്ഞതാകും. മറിച്ചാണെങ്കില്‍ എന്തിനെയും നേരിടാനും കഴിയും. പാരമ്പര്യമായോ കെട്ടുകഥകളിലൂടെയോ നമ്മുടെ ചെറിയ പ്രായത്തില്‍ നമുക്ക് കിട്ടുന്ന അറിവാണ് നമ്മുടെ മനസ്സില്‍ ചില ഭീകര രൂപങ്ങള്‍ ഉണ്ടാക്കി വെക്കുന്നത്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും 'പ്രേതം' തുടങ്ങിയ വിശ്വാസങ്ങള്‍ ഇന്നും നില നില്‍ക്കുന്നത് അത്ഭുതം തന്നെ. 

ഡിജിറ്റല്‍ സാങ്കേതിക വിദ്യ പുരോഗതി പ്രാപിക്കുകയും കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറുകയും ചെയ്തു. കഥകള്‍ കേള്‍ക്കാനില്ലാതെയായി. എന്നാല്‍ അതിലേറെ ആപത്താണ് പല ദൃശ്യമാധ്യമങ്ങളും കുട്ടികള്‍ക്ക് പകരുന്നത്. പ്രത്യേകിച്ച് കൌമാരകാലത്ത്. 'പിരീഡ് ഓഫ് സ്ട്രെസ്സ് ആന്‍ഡ് സ്ട്രെയിന്‍' എന്നാണ് മനഃശാസ്ത്രത്തില്‍ കൗമാര കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. അച്ഛനമ്മമാരുടെ സാമീപ്യവും ധൈര്യം നല്‍കലും ഏറെ ആവശ്യമുള്ള കാലമാണ് ഇത് പക്ഷെ നിര്‍ഭാഗ്യവശാല്‍ പല വീടുകളിലും കൌമാരക്കാര്‍ കടുത്ത ഏകാന്തത അനുഭവിക്കുകയാണ്. അത്തരം അരക്ഷിതാവസ്ഥയാണ് അന്ധവിശ്വാസങ്ങളിലേക്ക് അവരെ നയിക്കുന്നത്. ഇവിടെ ധൈര്യം നല്‍കേണ്ട അമ്മയും അച്ഛനും പോലും ഭയത്തിന്‍റെ പിടിയിലാണ്. 'മാനവികമായ സംവേദനങ്ങളെയും, ആശയവിനിമയങ്ങളെയും സാങ്കേതികവിദ്യ കീഴ്പ്പെടുത്തുകയും, ലോകം വിഡ്ഢികളായ ഒരു തലമുറയാല്‍ സമ്പന്നമാവുകയും ചെയ്യുന്ന ഒരു കാലത്തെ ഞാന്‍ ഭയക്കുന്നു' എന്ന് പ്രവചിച്ച മഹാനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വാക്കുകള്‍ ഇപ്പോള്‍ ഏറെക്കുറെ സത്യമായിരിക്കുന്നു.

ഓജോ ബോര്‍ഡും മെന്റലിസവും ദ്വിതീയ വ്യക്തിത്വവും പകര്‍ന്നു നല്‍കുന്ന സിനിമകള്‍ ഒരു വശത്ത്, ബ്ലൂ വെയില്‍ പോലുള്ള രാക്ഷസ ഗെയിമുകള്‍ മറ്റൊരു ഭാഗത്ത്‌; നമ്മുടെ കുഞ്ഞുങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസത്തിന്‍റെ വിത്തെറിയാതെ, സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമാണിത് (ജ്യോല്‍സ്യന്മാര്‍ക്കും മന്ത്രവാദികള്‍ക്കും അത് കഷ്ടകാലം ആണെങ്കിലും).

അനുഭവത്തിന്‍റെ ശാസ്ത്രം കുട്ടിയേയും അമ്മയെയും അല്പം ഒന്നു പറഞ്ഞു മനസ്സിലാക്കി. തുറന്നിട്ട ജനാലയിലൂടെ വരുന്ന കാറ്റ്  മുതല്‍ സ്വന്തം ശ്വാസവായു വരെ 'ചാര്‍ലി'യായി മാറാം. പ്രത്യേകിച്ച് ഒരു മുറിയില്‍ ഒറ്റയ്ക്ക്  ഇരിക്കുമ്പോള്‍. പക്ഷെ, അവര്‍ക്ക് വേണ്ടത് അതൊന്നുമായിരുന്നില്ല. 'ചാര്‍ളി'യെ അവിടെ നിന്നും ഒന്നു മാറ്റിത്തരണം. അതു മാത്രം.

ഇനി അധികം മനശ്ശാസ്ത്രം വേണ്ട, തന്ത്രശാസ്ത്രം  തന്നെ പ്രധാനം. പ്രശ്നം വച്ച് നോക്കി. വന്നത് അവരുടെ മരിച്ചു പോയ ബന്ധുക്കള്‍ ആരുമല്ല എന്ന് ഉറപ്പു വരുത്തി. 'ചരേ വിലഗ്നെ രിപു നാഥ ദൃഷ്‌ടെ......' തുടങ്ങിയ പ്രമാണത്താല്‍ നോക്കിയിട്ടും 'ഷഷ്ടെശ ജാതിം ദ്വിഷതോ ....' എന്ന രീതിയില്‍ നോക്കിയിട്ടും ആഭിചാരം ഒന്നും കണ്ടില്ല. ഗുളികന്‍റെ  സ്ഥാനം കണക്കാക്കി പ്രേതം ബാലഗ്രഹ ബാധ ഉണ്ടാക്കുന്ന ഒരു ആത്മാവാണെന്നു മനസ്സിലാക്കി. ശനി, കുജന്‍ തുടങ്ങിയവയുടെ സ്ഥിതിയാല്‍ അന്യ ദേശത്ത് നിന്നുള്ള ഒരു 'പോക്കു വരത്താണ്' എന്ന് കണ്ടെത്തി.   ഉപദ്രവത്തിനായി വന്നതല്ല.  ചെറിയ ഒരു പൂജയ്ക്ക് വട്ടം കൂട്ടാനുള്ള ഒരുക്കു പടികള്‍ കുറിച്ചു കൊടുത്തു. അടുത്ത വെള്ളിയാഴ്ച രാത്രി സുദര്‍ശനവും ആവാഹനവും നടത്തി ഞാനും എന്‍റെ അടുത്ത സുഹൃത്തായ മാന്ത്രികനും മടങ്ങാന്‍ ഒരുങ്ങി.      

ആവാഹനം കഴിഞ്ഞിട്ടും ചാര്‍ലി പോയോ എന്ന് വിനുവിന്‍റെ അമ്മയ്ക്ക് സംശയം ഉണ്ടോ എന്നെനിക്കു തോന്നി. ഞാന്‍ എല്ലാവരെയും മുറിക്കകത്ത് ഒരു ഭാഗത്തായി മാറ്റി നിര്‍ത്തി. ജനാലകളും വാതിലുകളും നന്നായി അടച്ചിരുന്നു. പെന്‍സിലുകള്‍ക്ക് അടുത്ത് ചെന്ന് ഞാന്‍ ചോദിച്ചു"ചാര്‍ലീ ചാര്‍ലീ ആര്‍ യു ഹിയര്‍?" പെന്‍സില്‍ അനങ്ങിയില്ല. വീണ്ടും ചോദ്യം ......... പെന്‍സില്‍ നിശ്ചലമായി നിന്നു. ചാര്‍ലി കുടത്തില്‍ വെള്ളി തകിടില്‍ സുഖമായി കുടി കൊള്ളുന്നു. ആ പെന്‍സിലുകളും പേപ്പറും ഞങ്ങള്‍ എടുത്തു പട്ടില്‍ പൊതിഞ്ഞു ഭദ്രമായി കെട്ടി കൈയില്‍ എടുത്തു. 'ഇനിയൊന്നും ഭയക്കാനില്ല......... ' മുറിയില്‍ പുണ്യാഹം തളിച്ചു കൊണ്ട് എന്‍റെ സുഹൃത്ത് പറഞ്ഞു. സന്തോഷത്തോടെ അവര്‍ ഞങ്ങളെ യാത്രയാക്കി. 'രാത്രിയാണ്; സൂക്ഷിക്കണേ മക്കളെ' എന്ന് അപ്പൂപ്പന്‍റെ ഓര്‍മ്മിപ്പിക്കല്‍. എല്ലാം ശുഭമായി. 

നാം കുട്ടികളെ പഠിപ്പിക്കുന്നത്‌ എന്താണ്? എന്തിനാണ്? ട്രിഗ്ണോമെട്രി മുതല്‍ റോക്കറ്റ് വിക്ഷേപണം വരെയും ഫ്രഞ്ച് വിപ്ലവം മുതല്‍ നോട്ടു പരിഷ്കാരം വരെയും പാവം കുഞ്ഞുങ്ങളുടെ കുഞ്ഞിത്തലയില്‍ അടിച്ചു കയറ്റുമ്പോള്‍ ഭയം കൂടാതെ, അന്ധ വിശ്വാസങ്ങള്‍ക്ക് അടിമപ്പെടാതെ, വഴിയില്‍ കാലിടറാതെ അന്തസ്സായി ജീവിക്കാന്‍ കൂടി അവരെ പ്രാപ്തരാക്കേണ്ടേ!
 (image:cndajin.com)

No comments:

Post a Comment