/cdn.vox-cdn.com/uploads/chorus_image/image/52889131/411d294d_c189_49b6_92f3_67f3de88101f_large16x9_aghoststorystill1_32349090476_o.0.jpg)
നമ്മുടെ ഒപ്പം ജീവിച്ചിരുന്നവര്‍ മരിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്ത് സായൂജ്യം വരുത്തിയാലും ആ ആത്മാവ് തിരികെ നമ്മുടെ അടുത്ത് വരുമോ? മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന് ശാസ്ത്രം പറയുമ്പോഴും അതിനു വിരുദ്ധമായ അഭിപ്രായമാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെപ്പോലുള്ളവര്‍ പറയുന്നത്. തികഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരനും ശാസ്ത്ര പക്ഷ വിശ്വാസിയുമായ അദ്ദേഹം ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അന്തരിച്ച നീരജാ മിശ്രയുടെ (വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു വിമാനാപകടത്തില്‍ മരിച്ച എയര്‍ഹോസ്റ്റസ് ആണ് നീരജ മിശ്ര) ആത്മാവും സംസാരിക്കുന്ന നിഗൂഡ ശക്തിയായി അറിയപ്പെടുന്നു. അമേരിക്കന്‍ വിശ്വാസങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് പരേതരുമായുള്ള ബന്ധം. പുരാതന കാലം മുതലേ ആത്മാക്കളുമായി സംവദിക്കുന്ന ഒരു ടർക്ക് – മംഗോൾ ആചാരാനുഷ്ടാനമാണ് ഷാമെനിസം. കൂടാതെ, നമ്മുടെ നാട്ടില്‍ പോലും, മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു പണം (മാനവും) തട്ടുന്ന 'ആധുനിക സ്പിരിച്വലിസ്റ്റു'കളും വാര്‍ത്തകളില്‍ നിറയുന്ന കാലമാണിത്.
ജ്യോതിഷ പ്രാക്ടീസിനിടയില്‍ വന്ന പരിമിതമായ അനുഭവങ്ങളില്‍ ഒന്ന് കുറിക്കുന്നു. സദാശിവന്‍ ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ്. തികഞ്ഞ ദൈവ വിശ്വാസിയും. അയാളുടെ അച്ഛന്‍ കുറേക്കാലം മുമ്പ് മരിച്ചു. അന്ന് ജ്യോല്‍സ്യനെക്കൊണ്ട് ലക്ഷണം നോക്കിച്ചു. കുറിച്ച് കൊടുത്ത കര്‍മ്മങ്ങള്‍ ചെയ്തു. അച്ഛന്‍ മോക്ഷം പ്രാപിച്ചതായി പിന്നീട് ജ്യോത്സ്യന്‍ പ്രശ്നം വച്ച് ഉറപ്പു വരുത്തുകയും ചെയ്തു. പക്ഷേ അച്ഛന്‍ ഇപ്പോഴും വീട്ടില്‍ ഉള്ളതായാണ് അയാളുടെ അനുഭവം. എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ വരുത്തിയാല്‍ അച്ഛന്‍ ശാസിക്കുന്നു. തന്നെ മാത്രമല്ല, തന്‍റെ ഭാര്യയേയും കുട്ടികളെയും. ഇതൊക്കെ വിശ്വാസത്തിന്‍റെ മാത്രം പ്രശ്നമാണെന്നും കര്‍മ്മങ്ങള്‍ ചെയ്തതിനാല്‍ ഭയപ്പെടാന്‍ ഒന്നുമില്ല എന്നും ഞാന്‍ ആശ്വസിപ്പിച്ചു. പക്ഷെ, അയാള്‍ക്ക് ആ മറുപടി അത്ര പോരാ. ആത്മാവ് എന്നത് ശരീരമുള്ള ഒരു വ്യക്തിയെപ്പോലെ പെരുമാറുന്നത് എങ്ങനെ എന്ന എന്‍റെ ചോദ്യമൊന്നും അയാളുടെ യുക്തിക്ക് മുന്നില്‍ വിജയം കണ്ടില്ല.
മറ്റൊരു വിശദീകരണമാണ് അയാള്‍ പറയുന്നത്. അയാള്‍ക്ക് തന്‍റെ അച്ഛനെ നിഴലുപോലെ കാണാം. പ്രത്യേകിച്ച് അമാവാസി രാത്രികളില്‍. ശബ്ദത്തിലൂടെയുള്ള നിര്‍ദ്ദേശം കേള്‍ക്കാം. മറ്റുള്ളവര്‍ക്ക് രൂപം കാണാന്‍ കഴിയില്ല; പക്ഷെ ശബ്ദം കേള്‍ക്കാം. മറ്റൊരു രസകരമായ കാര്യം, സദാശിവന്‍ അച്ഛന്‍ പറഞ്ഞു കൊടുത്തത് തെറ്റിച്ചാല്‍ അന്ന് സംസാരത്തിന് മുന്‍പ് തന്നെ അച്ഛന്‍ ഏതെങ്കിലും വസ്തു തട്ടി തെറിപ്പിക്കുമത്രെ! ദേഷ്യം വന്നിരിക്കുന്നു എന്നാണ് അതിനര്‍ത്ഥം. പിന്നെ കാര്യങ്ങള്‍ എല്ലാം സംസാരിച്ച് ശാന്തനായി മടങ്ങും. തന്‍റെ ഔദ്യോഗിക കാര്യങ്ങളിലും അച്ഛന്‍റെ നിര്‍ദ്ദേശങ്ങള്‍ വളരെ ഫലപ്രദമാണെന്നാണ് അയാളുടെ അഭിപ്രായം. പക്ഷെ, പിതൃക്കളെ ഇങ്ങനെ ഭൂമിയില്‍ നിര്‍ത്തുന്നത് കുടുംബ ശാപത്തിന് കാരണമാകും എന്ന് അറിഞ്ഞിട്ടാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ഇത്തരം പല വിശ്വാസികളെയും പോലെ, പലരെയും കണ്ടു അഭിപ്രായം ചോദിച്ച്, നല്ലൊരു തുകയും ഇതിനകം കളഞ്ഞിട്ടുണ്ട്.
ആധുനിക ശാസ്ത്രത്തില്‍ 'ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോഡര്‍' എന്ന് പറയുന്ന അവസ്ഥയാണ് എനിക്ക് തോന്നിയത്. കുട്ടിക്കാലത്തെ മാനസിക സമ്മര്‍ദ്ദം, അച്ഛനോടുള്ള അമിത വിധേയത്വവും ഭയവും, കൂടാതെ, എല്ലാം കൃത്യമായിരിക്കണം എന്ന്‍ നിര്‍ബന്ധമുള്ള 'പെര്‍ഫക്ഷനിസം' എന്ന സ്വഭാവം, സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള വ്യാകുലത, അപ്പോള്‍ അച്ഛന്‍ കൂടെയുണ്ടെങ്കില്‍ എല്ലാം ശരിയാകും എന്ന വിശ്വാസം ഇതെല്ലാം ചേര്‍ന്ന് അയാളറിയാതെ അയാളില്‍ മറ്റൊരു വ്യക്തിത്വം കൂടി ചേര്‍ത്തിരിക്കുന്നു. തലച്ചോറിന്‍റെ വലതു പകുതിയില്‍ ഉള്ള ന്യൂറോണുകളുടെ വൈകല്യം അദൃശ്യനായ ഒരാളുടെ 'സാന്നിധ്യ'ത്തിനു കാരണമാകുമെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മസ്തിഷ്കത്തിലെ ഗ്ളൂട്ടമേറ്റ് (glutamate), ഡോപമൈന്‍ (dopamine) എന്നീ രാസസംയുക്തങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നും വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. സ്കിസോഫ്രീനിയ എന്ന രോഗാവസ്ഥയില്‍ മരുന്നുകളോടൊപ്പം സൈക്കോ തെറപ്പി എന്ന മനശാസ്ത്ര ചികിത്സയും ചെയ്യേണ്ടി വരും. ഇയാളുടെ കേസില്‍ 'ആന്ത്രോപോമോര്‍ഫിസം' എന്ന മനുഷ്യ സ്വഭാവം കൂടി ഉള്‍പ്പെട്ടിട്ടുണ്ടാവാം. തന്‍റെ വ്യക്തിത്വത്തെ തന്‍റെ അച്ഛനായി ആരോപിച്ച് സ്വയം പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള വ്യഗ്രതയാകാം.
സംസാരം ഇങ്ങനെ പുരോഗമിച്ചെങ്കിലും, ജ്യോല്‍സ്യനില്‍ നിന്നും ആ രീതിയിലുള്ള ശാസ്ത്രീയ വീക്ഷണമല്ല അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്നെനിക്കു മനസ്സിലായി. മഹാരഥന്‍മാരായ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ആര്‍തര്‍ കോനന്‍ ഡോയല്‍ എന്നിവര്‍ക്ക് പരേതാത്മാവിന്‍റെ സാന്നിധ്യം കാണാമെങ്കില്‍ എന്തുകൊണ്ട് സദാശിവന് ആയിക്കൂടാ! ഇവിടെ ജ്യോതിഷം, തന്ത്ര ശാസ്ത്രം എന്നിവയിലൂടെ പരിഹാരം കണ്ടേ അദ്ദേഹത്തിന് തൃപ്തിയാകൂ.
സംസാരത്തിനിടയില്‍ എന്നെ ഞെട്ടിച്ചുകൊണ്ട് എന്‍റെ തൊട്ടുമുന്നിലിരുന്ന പെന്‍ സ്റ്റാന്‍ഡ് തനിയെ തെറിച്ചു ഭിത്തിയില്‍ തട്ടി വീണു. സദാശിവന്‍റെ പിതാവിന് ദേഷ്യം വന്നിരിക്കുന്നു. 'ശരി' എന്ന് മാത്രം അയാള്‍ മന്ത്രിക്കുന്നത് കേട്ടു. എങ്കിലും അയാള്‍ ശാന്തനായിരുന്നു. അല്പം വെള്ളം കുടിച്ചു. പിന്നെ എന്നെ നോക്കി ആകാംക്ഷയോടെ ഇരുന്നു. ഒരു മജീഷ്യനേക്കാള്‍ വേഗത്തില്‍ നമ്മുടെ ശ്രദ്ധ പതിയുന്നതിനു മുന്‍പ് ഇപ്രകാരം ചെയ്യാനുള്ള ഇത്തരം പേഷ്യന്റ്റ്കളുടെ സാമര്‍ത്ഥ്യം അത്ഭുതാവഹമാണ്. അവര്‍ അത് സ്വയം ബോധ്യമില്ലാതെയാണ് ചെയ്യുന്നതെങ്കിലും. ചാത്തനേറിന്‍റെ പിന്നിലെ രഹസ്യവും ഇത് തന്നെ.
ജ്യോത്സ്യന്‍ ഒരു മനശാസ്ത്ര വിദഗ്ധന്‍ കൂടി ആകേണ്ടതിന്‍റെ ആവശ്യകത എനിക്ക് ബോധ്യമായി. എങ്കിലും ശാന്തമായി ചില പുരാണ കഥകളുടെ സഹായത്തോടെ പിതൃ പൂജയുടെ പ്രാധാന്യം അയാള്‍ക്ക് വിവരിച്ചു കൊടുത്തു. 'കര്‍മ്മം ചെയ്തപ്പോള്‍ ആത്മാവിനു നിത്യശാന്തി ലഭിക്കണമേ' എന്ന് പ്രാര്‍ഥിച്ചുവോ എന്ന ചോദ്യത്തിന് 'ഇല്ല. ആ സമയത്ത് അച്ഛന്‍ തന്നോട് പരുഷമായി പെരുമാറിയ ചില കാലഘട്ടങ്ങളാണ് ഓര്‍മ്മിച്ചത്' എന്നയാള്‍ പറഞ്ഞു. തന്‍റെ മോശം ചിന്ത മൂലം ആത്മാവിനു പോകാന്‍ കഴിഞ്ഞില്ല എന്ന കുറ്റ ബോധവും ബാല്യത്തിലെ അരക്ഷിതാവസ്ഥയും ചേര്‍ന്നാണ് അയാളില്‍ മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഉണ്ടാക്കിയത്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി നല്ലൊരു കര്‍മ്മിയുടെ അരികിലേക്ക് അയാളെ പറഞ്ഞു വിട്ടു. കര്‍മ്മിയോട് നേരത്തെ തന്നെ ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി എന്ന് പ്രത്യേകം എടുത്തു പറയുന്നു. കാരണം അയാളെ പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ക്രിയാ പദ്ധതിക്ക് മാത്രമേ അയാളെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം വിശ്വാസങ്ങള്‍ക്ക് ഒരു ശാസ്ത്രീയ വിശദീകരണം ശാസ്ത്രകാരന്മാര്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപാട് അന്ധ വിശ്വാസങ്ങള്‍ ഒഴിവാക്കാമായിരുന്നു.
(image: www.theverge.com)
No comments:
Post a Comment