Thursday, January 31, 2013

ഐശ്വര്യങ്ങള്‍ സ്ഥിരമല്ല

 Image result for palanquin images

നമ്മുടെ ജീവിതം ഓരോ നിമിഷവും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പലരും ഇതൊന്നും അറിയുന്നില്ല. അഥവാ അറിയാന്‍ ശ്രമിക്കാറില്ല. താനും തന്‍റെ കുടുംബവും ജോലിയും ഇത്രയുമാണ് അവരുടെ ലോകം. ദൈവവും ഈ വൃത്തത്തിനു പുറത്താണ് പലപ്പോഴും. വല്ലപ്പോഴും എന്തെങ്കിലും ബുദ്ധിമുട്ടുള്ളപ്പോള്‍ ദൈവത്തെ വിളിക്കും, പിന്നെ സൗകര്യം പോലെ മറക്കും . പലരും ഐശ്വര്യം വരുമ്പോള്‍ തന്നെ പോറ്റി വളര്‍ത്തിയവരെയും വന്ന വഴികളും മറക്കും.

ഉയര്‍ന്ന ജോലിയിലിരുന്നു ഈയിടെ പെന്‍ഷനായ ഒരാള്‍ യാദൃശ്ചികമായി കാണാന്‍ വന്നു. "ഇപ്പോള്‍ സമയം ശരിയല്ല. ശനി പിഴച്ചു..... ഒന്നും ശരിയാകുന്നില്ല. ജന്മത്തില്‍ രാഹുവാണ്..... വ്യാഴത്തിന്റെ ദൃഷ്ടിയില്ല......... പരിഹാരം പറയണം ." ഇങ്ങനെ പോയി വിവരണം. ആദ്യം തമാശയായി ഞാന്‍ പറഞ്ഞു " പ്രശ്നങ്ങള്‍ എല്ലാം സാര്‍ തന്നെ കണ്ടു പിടിച്ച സ്ഥിതിക്ക് ഇനി പരിഹാരം മാത്രമായി ഞാന്‍ നോക്കണോ...?" ഏതായാലും അദ്ദേഹത്തിന്‍റെ ദയനീയ അവസ്ഥ കണ്ടപ്പോള്‍ കൂടുതല്‍ പറയാതെ പ്രശ്നം പരിശോധിച്ചു. അദ്ദേഹത്തിന് ശനി ദശയാണ്. ആദിത്യന്‍റെ  അപഹാരവും. 

'മരണം തു വാ രിപുഭയം  സതതം ഗുരുവര്‍ഗരുഗ് ജഠര നെത്രരുജ ധനധാന്യ മിത്ര വിഹതിശ്ച ഭവേ ദ്രവിജരുരാവിശതി തീവ്രകരേ ' ഇതാണ് അവസ്ഥ. കഠിനമായ ശത്രുഭയം, ഗുരുജനാരിഷ്ടത, രോഗം, ബന്ധു നാശം, മനോ ദുഃഖം, ധനം ധാന്യം ഇവ ക്ഷയിക്കുക, വ്യാധികള്‍ ഇവ സാമാന്യ ഫലം. ഗ്രഹ സ്ഥാനമനുസരിച്ച് ചെറിയ വ്യത്യാസം വരാം.

 ഇയാള്‍ ജോലിയില്‍ ഇരുന്ന കാലത്ത് ഒരിക്കല്‍ വന്നിരുന്നു. അന്ന് വ്യാഴ ദശാ കാലമായിരുന്നു. നോക്കിലും വാക്കിലും ധാര്‍ഷ്ട്യം, പൊതുജനങ്ങള്‍ അദ്ദേഹത്തെ ശല്യപ്പെടുതുകയാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ 'പബ്ലിക് സര്‍വന്റിന്‍റെ' നയം മനസ്സിലായി. പെരുമാറ്റത്തില്‍ സൌമ്യത വേണമെന്നും ജന ശാപം കുടുംബ ദോഷവും അനൈശ്വര്യവും വരുത്തുമെന്നുമുള്ള എന്‍റെ ഉപദേശം അന്ന്  അദ്ദേഹത്തിന് തീരെ പിടിച്ചില്ല. മക്കളുടെ കാര്യം നോക്കാനാണ് വന്നത്. ശനി ദശാ കാലത്ത് മക്കളെക്കൊണ്ട് ദുഖമുണ്ടാകും എന്ന് ഞാന്‍ പറഞ്ഞതും അന്ന് അത്ര ദഹിച്ചില്ല. ഇപ്പോള്‍ മകള്‍ ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്തു. ഇദ്ദേഹത്തിനു എറ്റവും വിരോധമുള്ള അന്യ മത വിഭാഗത്തിലെ ഒരാളുടെ മകനെ.... സ്വന്തം മകന് പിതാവുമായി വലിയ അടുപ്പവുമില്ല. പ്രതീക്ഷിച്ച രീതിയിലുള്ള ജോലിയും കിട്ടിയില്ല. സുഹൃത്തുക്കളേക്കാള്‍ ശത്രുക്കളെയാണ് ജോലിയിലിരുന്നു സൃഷ്ടിച്ചത്. ഇപ്പോള്‍ രോഗം, ഏകാന്തത.... എല്ലാ ക്ഷേത്രത്തിലും ഓടിയിട്ടും ഈശ്വരന്‍ കനിയുന്നുമില്ല. പിഴിഞ്ഞ് സമ്പാദിച്ചതൊക്കെ ഡോക്ടര്‍മാര്‍ ഊറ്റി എടുക്കുന്നു. ഭാര്യ മക്കളുടെ ഒപ്പമാണ്. 

"സ്വയംകൃതാനര്‍ത്ഥം" എന്ന് പറയാനാണ് തോന്നിയത്. പക്ഷെ വ്രണത്തില്‍ കുത്തരുതല്ലോ....   ചില വഴിപാടുകള്‍ പറഞ്ഞു കൊടുത്തു. സൂര്യശാന്തിക്ക് രക്ത ചന്ദന സമര്‍പ്പണം , അശ്വ പ്രതിമാ ദാനം, മൃത്യുഞ്ജയ  ജപം തുടങ്ങിയവ. നീരാജനവും നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ കുറെ ശാന്തി കിട്ടുന്നതായും മകന്‍ ഇടക്കിടെ വീട്ടില്‍ വരാന്‍ തുടങ്ങിയെന്നും ഈയിടെ അദ്ദേഹം ഫോണില്‍ പറഞ്ഞു. എങ്കിലും അനുഭവം കൊണ്ടു നമുക്കറിയാം കര്‍മ്മ ഫലം കുറെയെങ്കിലും അനുഭവിക്കാതെ അയാള്‍ക്ക്‌ ഭൂമി വിട്ടു പോകാനാവില്ല.
image:democracyforum.blogspot.com)

No comments:

Post a Comment