കുട്ടികള്‍ ഇപ്പോള്‍ സന്ധ്യാസമയത്ത് പ്രാര്‍ഥിക്കുന്നില്ല എന്നാണ് വൃദ്ധ ജനങ്ങളുടെ പരാതി. മധ്യപ്രായക്കാരാകട്ടെ, ടെലിവിഷന്‍ സീരിയലുകളിലും ന്യൂസ് ചാനലുകളിലെ ചര്‍ച്ചകളിലും മുഴുകുന്നു. ലോകം അനുഷ്ഠാനങ്ങളില്‍ നിന്ന് അതിവേഗം ഗതി മാറുകയാണ്.
സായംസന്ധ്യാ(തൃസന്ധ്യാ) സമയം അഥവാ സായാഹ്നസന്ധ്യാ സമയം ദൈവികമായ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നാണ് പൊതുവേ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നത്. ഹൈന്ദവഭവനങ്ങളില്‍ ഈ സമയത്ത് പ്രത്യേക പ്രാര്‍ഥനകളും ആരാധനകളും നടത്തുന്നത് പതിവാണ്. ക്രിസ്ത്യന്‍, മുസ്ലിം ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ധ്യാ പ്രാര്‍ഥനകള്‍ നടന്നു വരുന്നു. ഏതാണ്ട് എല്ലാ മത വിശ്വാസങ്ങളിലും സന്ധ്യാ പ്രാര്‍ത്ഥനക്ക് വളരെ പ്രാധാന്യം ഉണ്ട്.
പകല്‍ മുഴുവന്‍ ഭൂമിയുടെ മേല്‍ പ്രകാശം പരത്തി നിന്ന സൂര്യന്‍ ക്രമേണ മായുകയാണ്. ചന്ദ്രന്‍ ആകട്ടെ, വരുന്നതെയുള്ളു. അപ്പോള്‍ സൂര്യന്‍റെയും ചന്ദ്രന്‍റെയും അനുഗ്രഹ രശ്മികള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണത്. പഴയ കാലത്തെ വിശ്വാസം അനുസരിച്ച് ആ സമയം അന്തരീക്ഷം വിഷവായു കൊണ്ട് നിറഞ്ഞിരിക്കും. ത്രിസന്ധ്യാ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല. കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചൂല് കൊണ്ട് ശബ്ദമുണ്ടാക്കി മുറ്റം, മുറികള്‍ ഇവ അടിച്ചു വാരരുത്.
ചെടികളിൽനിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും സന്ധ്യാ സമയത്ത് ഇറുക്കരുത്. പൂക്കള്‍ പറിക്കാനും പാടില്ല. വാഴത്തോപ്പ് തുടങ്ങിയ ഇരുളടഞ്ഞ സ്ഥലങ്ങളില്‍ നില്‍ക്കരുത് (പ്രത്യേകിച്ച് ഗര്‍ഭിണികളും കുട്ടികളും). ആ സമയത്ത് പശുവിന്‍റെ പാല്‍ കറന്നെടുക്കാനും പാടില്ല. സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില്‍ ശരീര സംഗം ചെയ്ത് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമായി കരുതുന്നു.
പ്രകൃതിയിലെ സസ്യ ജാലങ്ങളെയും ജന്തുക്കളെയും സഹജീവികളായി കരുതുന്ന ഒരു പഴയ സംസ്കൃതിയുടെ കരുതല്‍ കൂടി ഇതില്‍ കാണാം. സന്ധ്യയായാല്‍ ചെടികള്‍ ജൈവ പ്രവര്‍ത്തനം നിര്‍ത്തി നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. അപ്പോള്‍ അവയെ ശല്യപ്പെടുത്താന്‍ പാടില്ല. തൊട്ടാവാടി, രാമനാമ പച്ച, മുക്കുറ്റി തുടങ്ങിയ ചെടികള്‍ സന്ധ്യ കഴിഞ്ഞാല്‍ ഇലകള്‍ ചേര്‍ത്ത് വച്ച് നില്‍ക്കുന്നത് കാണാം. ഇരുണ്ട സ്ഥലം, കാട് തുടങ്ങിയവ ഒഴിവാക്കാന്‍ പറയുന്നത് പാമ്പിന്‍റെയും മറ്റു ക്ഷുദ്ര ജീവികളുടെയും ഉപദ്രവം ഒഴിവാക്കാനാണ്.
സന്ധ്യാസമയം ആരാധനക്കുളള സമയമാണ്. സൗഭാഗ്യത്തിന്‍റെ ദേവിയായ മഹാലക്ഷ്മി നമ്മുടെ ഭവനത്തിലെത്തുന്ന പുണ്യ സമയം. ഇതിനാലാണ് സന്ധ്യാസമയത്ത് വീട്ടില്‍ മാലിന്യങ്ങള്‍ കിടക്കുന്നത് അശ്രീകരമായി കണക്കാക്കപ്പെട്ടിരുന്നത്. ഇപ്രകാരം ചെയ്യുന്നത് ദേവിയോടുള്ള അനാദരവായും ആയതിനാല്‍ ദാരിദ്ര്യ കാരണമായും കണക്കാക്കപ്പെടുന്നു. നാമജപം ചൊല്ലേണ്ട സമയത്ത് മുറ്റം അടിച്ച് വ്യത്തിയാക്കുന്നത് ധനനഷ്ടം ഉണ്ടാക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
സന്ധ്യാസമയം ഭക്ഷണം കഴിക്കാന്‍ പാടില്ല. സന്ധ്യാസമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും അതോടൊപ്പം വീടിന്‍റെ സകല ഐശ്വര്യങ്ങളും നഷ്ടമാക്കുമെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്. സന്ധ്യാസമയം ലൈംഗീകബന്ധങ്ങളിലേര്‍പ്പെടാന്‍ പാടില്ല എന്നും അങ്ങനെ ചെയ്‌താല്‍ വീടിന് ദാരിദ്രം വന്ന് ചേരുമെന്നും പറയപ്പെടുന്നു. സന്ധ്യാസമയം ധാരാളം ഷഡ്പദങ്ങള്‍ ഇറങ്ങുന്ന സമയം കൂടിയാണ്. വൈദ്യുത വെളിച്ചം ഇല്ലാതിരുന്ന കാലത്ത് ഇരുട്ടില്‍ ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമാണെന്ന് പറയേണ്ടതില്ലല്ലോ. പഴയ രീതിയില്‍ പാടത്തും പറമ്പിലും പണികള്‍ കഴിഞ്ഞു ക്ഷീണിച്ചു വരുന്ന ആണും പെണ്ണും ആ രീതിയില്‍ സംഗമിച്ചാല്‍ ഉണ്ടാകുന്ന കുഞ്ഞ് അനാരോഗ്യവാനായേക്കാം. അതിനാലാണ് ആ സമയത്ത് ശരീര സംഗം ഒഴിവാക്കാന്‍ പറയുന്നത്. മാനസികമായ ചില കാരണങ്ങളും ഉണ്ട്.
നഖവും മുടിയും സന്ധ്യയില്‍ വെട്ടാന്‍ പാടില്ല. പരിപാവന കാര്യങ്ങളില്‍ മലിന വസ്തുക്കളെ അകറ്റി നിര്‍ത്തുന്നതാണ് നമ്മുടെ ആചാരം. എന്നാല്‍ ഇരുളില്‍ മുറിവേല്‍ക്കാനുള്ള സാധ്യതയും ഇക്കൂട്ടത്തില്‍ ഒഴിവാക്കപ്പെടുന്നുണ്ട്. ക്ഷേത്രത്തിനുള്ളില്‍ മുടിയും നഖവും വീഴ്ത്താന്‍ പാടില്ലെന്നാണ് ആചാരം. വൃത്തി ബോധമാണ് ഇതിന്‍റെ അടിസ്ഥാനം എങ്കിലും ഇതില്‍ ചില അന്ധവിശ്വാസങ്ങളും ഇടകലര്‍ന്നിട്ടുണ്ട്. പഴയകാലത്ത് മന്ത്രവാദങ്ങളിലും ആഭിചാരക്രിയകളിലും ആളുകള്‍ക്ക് വലിയവിശ്വാസം ഉണ്ടായിരുന്നു. ഒരാളുടെ ശരീരത്തില്‍ നിന്നും ലഭിക്കുന്ന മുടിയും നഖവും കൊണ്ട് ആഭിചാരക്രിയകള്‍ ചെയ്ത് അയാളെ നശിപ്പിക്കാന്‍ കഴിയും എന്ന വിശ്വാസവും പഴയകാലത്തുണ്ടായിരുന്നു. ഫോട്ടോ എടുക്കുന്നത് പോലും ഭയപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നഖം ശത്രുക്കളുടെ കയ്യില്‍ കിട്ടാന്‍ പറ്റിയ സമയമാണ് സന്ധ്യാസമയം. വെളിച്ചം കുറവുളള സമയത്ത് താഴെ വീഴുന്ന നഖം നമുക്ക് കാണാന്‍ കഴിയില്ല. ശരീയായരീതിയില്‍ പെറുക്കിമാറ്റാന്‍ കഴിയാത്ത നഖം, മുടി ഇവ ശത്രുവിന്‍റെ കൈയില്‍ കിട്ടിയാല്‍ പണി ഉറപ്പ്! ഈ ഭയങ്ങളാണ് രാത്രികാലത്ത് നഖം വെട്ടുന്നതില്‍ നിന്നും മുടി ചീകുന്നതില്‍ നിന്നും ആളുകളെ മാറ്റി നിര്‍ത്തിയിരുന്നത്. ജപ്പാന്‍കാരുടെ ഇടയിലും ഈ വിശ്വാസം നിലനിന്നിരുന്നു. രാത്രിയില്‍ നഖം വെട്ടുന്നവര്‍ മാതാപിതാക്കള്‍ക്കും മുന്‍പ് തന്നെ മരിക്കും എന്നാണ് ജാപ്പനിസ് വിശ്വാസം. അതായത്, അകാലമരണം.
സന്ധ്യാസമയം ഉറങ്ങുന്നതും ഏറെ ദോഷകരമാണ്. ജോലി കഴിഞ്ഞയുടന്‍ കിടന്നുറങ്ങുന്നതിന്‍റെ ആരോഗ്യ കാരണമാണ് ഈ വിശ്വാസത്തിനു പിന്നില്‍ എന്ന് ഒരു വൈദ്യന്‍ പറയുകയുണ്ടായി. ശരീരം നന്നായി ശാന്തമായതിനു ശേഷം മാത്രമേ ഉറങ്ങാവൂ. അല്ലെങ്കില്‍ തലച്ചോറിന് ശരിയായ വിശ്രമം ലഭിക്കാതെ വിഷാദത്തിന് കാരണമാകുമത്രേ! ഏറെ ജോലിയും ചെയ്ത്, വാരി വലിച്ച് ജങ്ക് ഫുഡ് കഴിച്ച് കിടക്കയിലേക്ക് ഓടിക്കയറുന്ന തലമുറയ്ക്ക് ഈ ആചാരങ്ങള്‍ അന്യമാണ്.
വീടിന് മുറ്റത്ത് തുളസിത്തറയുണ്ടെങ്കില്‍ അതിനെ വ്യത്തിയായി പരിപാലിക്കണം. സന്ധ്യാസമയത്ത് വീടിന് മുറ്റത്തുള്ള തുളസിത്തറയില്‍ നിന്നും തുളസിനുള്ളിയെടുക്കുന്നതും ദാരിദ്രമുണ്ടാക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. സ്നാനവും മറ്റു ക്രിയകളും സന്ധ്യയ്ക്ക് മുന്‍പേ പൂര്‍ത്തിയാക്കണം. നിലവിളക്ക് തെളിയിക്കേണ്ടതും സന്ധ്യക്ക് തൊട്ടു മുന്‍പേ വേണം, അതായത് സൂര്യന്‍ മറയുന്നതിനു മുന്‍പ്.