Thursday, January 31, 2013

ഐശ്വര്യങ്ങള്‍ സ്ഥിരമല്ല

 Image result for palanquin images

നമ്മുടെ ജീവിതം ഓരോ നിമിഷവും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പലരും ഇതൊന്നും അറിയുന്നില്ല. അഥവാ അറിയാന്‍ ശ്രമിക്കാറില്ല. താനും തന്‍റെ കുടുംബവും ജോലിയും ഇത്രയുമാണ് അവരുടെ ലോകം. ദൈവവും ഈ വൃത്തത്തിനു പുറത്താണ് പലപ്പോഴും. വല്ലപ്പോഴും എന്തെങ്കിലും ബുദ്ധിമുട്ടുള്ളപ്പോള്‍ ദൈവത്തെ വിളിക്കും, പിന്നെ സൗകര്യം പോലെ മറക്കും . പലരും ഐശ്വര്യം വരുമ്പോള്‍ തന്നെ പോറ്റി വളര്‍ത്തിയവരെയും വന്ന വഴികളും മറക്കും.

ഉയര്‍ന്ന ജോലിയിലിരുന്നു ഈയിടെ പെന്‍ഷനായ ഒരാള്‍ യാദൃശ്ചികമായി കാണാന്‍ വന്നു. "ഇപ്പോള്‍ സമയം ശരിയല്ല. ശനി പിഴച്ചു..... ഒന്നും ശരിയാകുന്നില്ല. ജന്മത്തില്‍ രാഹുവാണ്..... വ്യാഴത്തിന്റെ ദൃഷ്ടിയില്ല......... പരിഹാരം പറയണം ." ഇങ്ങനെ പോയി വിവരണം. ആദ്യം തമാശയായി ഞാന്‍ പറഞ്ഞു " പ്രശ്നങ്ങള്‍ എല്ലാം സാര്‍ തന്നെ കണ്ടു പിടിച്ച സ്ഥിതിക്ക് ഇനി പരിഹാരം മാത്രമായി ഞാന്‍ നോക്കണോ...?" ഏതായാലും അദ്ദേഹത്തിന്‍റെ ദയനീയ അവസ്ഥ കണ്ടപ്പോള്‍ കൂടുതല്‍ പറയാതെ പ്രശ്നം പരിശോധിച്ചു. അദ്ദേഹത്തിന് ശനി ദശയാണ്. ആദിത്യന്‍റെ  അപഹാരവും. 

'മരണം തു വാ രിപുഭയം  സതതം ഗുരുവര്‍ഗരുഗ് ജഠര നെത്രരുജ ധനധാന്യ മിത്ര വിഹതിശ്ച ഭവേ ദ്രവിജരുരാവിശതി തീവ്രകരേ ' ഇതാണ് അവസ്ഥ. കഠിനമായ ശത്രുഭയം, ഗുരുജനാരിഷ്ടത, രോഗം, ബന്ധു നാശം, മനോ ദുഃഖം, ധനം ധാന്യം ഇവ ക്ഷയിക്കുക, വ്യാധികള്‍ ഇവ സാമാന്യ ഫലം. ഗ്രഹ സ്ഥാനമനുസരിച്ച് ചെറിയ വ്യത്യാസം വരാം.

 ഇയാള്‍ ജോലിയില്‍ ഇരുന്ന കാലത്ത് ഒരിക്കല്‍ വന്നിരുന്നു. അന്ന് വ്യാഴ ദശാ കാലമായിരുന്നു. നോക്കിലും വാക്കിലും ധാര്‍ഷ്ട്യം, പൊതുജനങ്ങള്‍ അദ്ദേഹത്തെ ശല്യപ്പെടുതുകയാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ 'പബ്ലിക് സര്‍വന്റിന്‍റെ' നയം മനസ്സിലായി. പെരുമാറ്റത്തില്‍ സൌമ്യത വേണമെന്നും ജന ശാപം കുടുംബ ദോഷവും അനൈശ്വര്യവും വരുത്തുമെന്നുമുള്ള എന്‍റെ ഉപദേശം അന്ന്  അദ്ദേഹത്തിന് തീരെ പിടിച്ചില്ല. മക്കളുടെ കാര്യം നോക്കാനാണ് വന്നത്. ശനി ദശാ കാലത്ത് മക്കളെക്കൊണ്ട് ദുഖമുണ്ടാകും എന്ന് ഞാന്‍ പറഞ്ഞതും അന്ന് അത്ര ദഹിച്ചില്ല. ഇപ്പോള്‍ മകള്‍ ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്തു. ഇദ്ദേഹത്തിനു എറ്റവും വിരോധമുള്ള അന്യ മത വിഭാഗത്തിലെ ഒരാളുടെ മകനെ.... സ്വന്തം മകന് പിതാവുമായി വലിയ അടുപ്പവുമില്ല. പ്രതീക്ഷിച്ച രീതിയിലുള്ള ജോലിയും കിട്ടിയില്ല. സുഹൃത്തുക്കളേക്കാള്‍ ശത്രുക്കളെയാണ് ജോലിയിലിരുന്നു സൃഷ്ടിച്ചത്. ഇപ്പോള്‍ രോഗം, ഏകാന്തത.... എല്ലാ ക്ഷേത്രത്തിലും ഓടിയിട്ടും ഈശ്വരന്‍ കനിയുന്നുമില്ല. പിഴിഞ്ഞ് സമ്പാദിച്ചതൊക്കെ ഡോക്ടര്‍മാര്‍ ഊറ്റി എടുക്കുന്നു. ഭാര്യ മക്കളുടെ ഒപ്പമാണ്. 

"സ്വയംകൃതാനര്‍ത്ഥം" എന്ന് പറയാനാണ് തോന്നിയത്. പക്ഷെ വ്രണത്തില്‍ കുത്തരുതല്ലോ....   ചില വഴിപാടുകള്‍ പറഞ്ഞു കൊടുത്തു. സൂര്യശാന്തിക്ക് രക്ത ചന്ദന സമര്‍പ്പണം , അശ്വ പ്രതിമാ ദാനം, മൃത്യുഞ്ജയ  ജപം തുടങ്ങിയവ. നീരാജനവും നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ കുറെ ശാന്തി കിട്ടുന്നതായും മകന്‍ ഇടക്കിടെ വീട്ടില്‍ വരാന്‍ തുടങ്ങിയെന്നും ഈയിടെ അദ്ദേഹം ഫോണില്‍ പറഞ്ഞു. എങ്കിലും അനുഭവം കൊണ്ടു നമുക്കറിയാം കര്‍മ്മ ഫലം കുറെയെങ്കിലും അനുഭവിക്കാതെ അയാള്‍ക്ക്‌ ഭൂമി വിട്ടു പോകാനാവില്ല.
image:democracyforum.blogspot.com)

Wednesday, January 23, 2013

നാഗ ശാപവും സന്താന യോഗവും


സര്‍പ്പം, ജ്യോതിഷം, നാഗം, പാമ്പ്, കാവ്, Snake, Kavu, Astrology, Jyothisham

ജ്യോതിഷപരമായി, മനുഷ്യ ജീവിതത്തില്‍ കാണപ്പെടുന്ന ദോഷങ്ങളില്‍, ഒരു പക്ഷെ, ഏറ്റവും ഗൌരവമേറിയത് സര്‍പ്പ ദോഷമാവും. ദോഷം എന്നതിനേക്കാള്‍ ദുരിതം വിതയ്ക്കുന്ന ഒന്നാണ് സര്‍പ്പകോപം. ഇതിനേക്കാള്‍ ഗുരുതരമാണ് സര്‍പ്പശാപം. ഹിന്ദു വിശ്വാസത്തില്‍ മാത്രമല്ല , ക്രിസ്ത്യന്‍, മുസ്ലിം, ഗ്രീക്ക്, പാഴ്സി, ജൈന ,ബുദ്ധ മതങ്ങളിലും അമേരിക്കയിലെ റെഡ് ഇന്ത്യന്‍ വംശജരുടെ കഥകളിലും സര്‍പ്പങ്ങള്‍ക്ക് പ്രമുഖ സ്ഥാനമാണ് ഉള്ളത്.

രണ്ടു വര്‍ഷം മുന്‍പാണ് . ഒരു പിതാവ് മകളുടെ ജാതകം നോക്കാനായി കൊണ്ടു വന്നു. അവള്‍ക്കു 21 വയസ്സായി . വിവാഹം എന്ന് നടക്കും? എന്തെങ്കിലും ദോഷം ഉണ്ടോ? ഇതായിരുന്നു നോക്കേണ്ടത് . നിലവിളക്കിലെ  ദീപ ലക്ഷണം ശുഭം ആയിരുന്നില്ല. ജാതകം നോക്കുമ്പോള്‍ 5-ല്‍  രാഹു . 5 പാപ ക്ഷേത്രം. പാപ ദൃഷ്ടി. വ്യാഴാനുകൂല്യം  കുറവ്. കൂടാതെ 'ജാതക പാരിജാത'ത്തിലെ വൈദ്യ ജ്യോതിഷ ഭാഗത്ത്  സൂചിപ്പിച്ച ചില യോഗങ്ങളും. കവിടി വച്ചപ്പോഴും 5-ല്‍ രാഹു. "സര്‍പ്പ ദോഷമാണല്ലോ ... സന്താന തടസ്സത്തിനു സാധ്യത "എന്ന  എന്‍റെ നിഗമനം ശരിവച്ച് അദ്ദേഹം പറഞ്ഞു ."ശരിയാണ് ... അവള്‍ യൂട്രസ്സില്‍ സിസ്റ്റിന്   ചികിത്സയിലാണ്".  

വിവിധ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദിച്ചു "നിങ്ങളുടെ വീട്ടില്‍ പൂജ മുടങ്ങിയിട്ടുള്ള സര്‍പ്പ കാവുകളോ  മറ്റോ ഉണ്ടോ..?" "ഉണ്ട്..." അദ്ദേഹം പറഞ്ഞു. "മുന്‍പ് എല്ലാ വര്‍ഷവും പൂജ നടത്തിയിരുന്നതാണ്. ഇപ്പോള്‍ പത്തു വര്‍ഷത്തോളമായി എല്ലാം മുടങ്ങി..."   കാര്യം മനസ്സിലായി. ഇനി പരിഹാരം. സര്‍പ്പ ദോഷ പരിഹാരങ്ങള്‍ എഴുതി നല്‍കി. കാവ് വൃത്തിയാക്കി വാര്‍ഷിക പൂജ ആരംഭിക്കാനും നിര്‍ദ്ദേശിച്ചു. വിവാഹ തടസ്സം മാറാനുള്ള ചില പരിഹാരങ്ങളും പറഞ്ഞു. ഇപ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞു. ചികിത്സ വളരെ പുരോഗതി പ്രാപിച്ചതായി ഡോക്ടര്‍ അറിയിച്ചുവെന്ന്  അദ്ദേഹം അറിയിച്ചു. 

മുന്‍പ്  എല്ലാ തറവാടുകളിലും സര്‍പ്പക്കാവുകള്‍ സാധാരണമായിരുന്നു. അവ വിശ്വാസത്തിലൂടെ പരിസ്ഥിതി  സംരക്ഷണം കൂടി നിര്‍വഹിച്ചിരുന്നു. സര്‍പ്പങ്ങള്‍ സന്താനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നതായി  വിശ്വസിച്ചിരുന്നു . ലോകത്തിലെ എല്ലാ മതങ്ങളിലും നാഗാരാധന ഉണ്ട്. നാഗ ശാപം സന്താന ദോഷത്തിനും കുലനാശത്തിനും കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്‍‌മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.