Monday, October 4, 2010

അവിശ്വാസത്തില്‍നിന്നും വിശ്വാസത്തിലേക്ക്


ജ്യോതിഷ ഗുരുക്കന്മാരായ ശ്രീ. തലശ്ശേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ. തൃപ്പൂണിത്തുറ എന്‍. പ്രേമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരാണ് എന്‍റെ ആചാര്യന്മാര്‍. ദൈവത്തിന്‍റെ വികൃതികളെ തികഞ്ഞ സംശയത്തോടെയും വിമര്‍ശനത്തോടെയും വീക്ഷിച്ചിരുന്ന എന്‍റെ ചിന്താധാരകള്‍ മാറ്റിമറിച്ചത് ഇവരുടെ സന്ദേശങ്ങളാണ്. ജ്യോതിഷത്തെ  തികഞ്ഞ കപട ശാസ്ത്രമായിക്കണ്ട്  സംശയത്തോടെ വീക്ഷിച്ചിരുന്ന ഞാന്‍ ഇന്ന് അതിനപ്പുറം ശാസ്ത്രമൊന്നുമില്ലയെന്ന് തിരിച്ചറിയുന്നു. നമ്മുടെയെല്ലാം ജീവിതം എത്രയോ മുന്‍പേ തന്നെ തീരുമാനിക്കപ്പെട്ട പ്രകൃതിനിയമമാണ് എന്ന് വിനയപൂര്‍വം മനസ്സിലാക്കുന്നു.

കണ്ണൂര്‍ മാതൃഭൂമി പത്രജീവിതത്തിനിടയില്‍ 1995 -ല്‍ പരിചയപ്പെട്ട ശ്രീ തലശ്ശേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, രാത്രിയിലെ പ്രൂഫ് വായനക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ എന്‍റെ സംശയങ്ങള്‍ക്ക് മറുപടിയായി. അദ്ദേഹമാണ് ആദ്യം ഒരു ജാതകം പരിശോധിക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള അവസരം നല്കിയതും. അതില്‍ വിജയം കൈവരിച്ചതിന്‍റെ ആത്മ വിശ്വാസവും മനോബലവുമാണ് കാല്‍ നൂറ്റാണ്ടായി എന്നോടോപ്പമുള്ളത്.

വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിഷ പ്രചാര സഭയുടെ കോട്ടയത്തെ പഠന ക്ലാസ്സിലാണ് ശ്രീ.തൃപ്പൂണിത്തുറ പ്രേമചന്ദ്രന്‍ മാസ്റ്ററെ ഞാന്‍ കാണുന്നത്. ജ്യോതിഷരംഗത്തെ പ്രശസ്തനും പ്രഗല്‍ഭനുമായ ഈ ഗുരുവിനെ ലഭിച്ചതാണ് ജ്യോതിഷത്തിന്‍റെ അപാരതയും വൈപുല്യവും അഗാധതയും സീമാതീതമായ സാധ്യതകളും എന്നിലേക്ക് പകരാനിടയായത്. പ്രഗല്‍ഭരായ ഒരുനിര ഗുരുശൃംഗങ്ങളുടെ അരുമ ശിഷ്യനാണ് അദ്ദേഹം. സര്‍വശ്രീ. എടപ്പാള്‍ ശൂലപാണി വാര്യര്‍, പ്രൊഫ. പി.യു. കൃഷ്ണവാര്യര്‍, പി.ജി.നമ്പീശന്‍, കരുണാകരന്‍ നായരാശാന്‍ തുടങ്ങിയവര്‍ നല്‍കിയ ജ്ഞാന വാത്സല്യം അദ്ദേഹം  ഞങ്ങള്‍ക്കും പകര്‍ന്നു നല്‍കി. പരമ്പരാഗതമായ ശൈലിയില്‍, ഗുരുകുല രീതിയില്‍, തെളിച്ചു വച്ച നിലവിളക്കിനു മുന്നില്‍, മന്ത്രത്തിലൂടെ മനനം ചെയ്തെടുത്ത ഏകാഗ്രതയില്‍ ഗുരു തന്‍റെ ജീവവായു ഞങ്ങളിലേക്ക് പകര്‍ന്നു. ഒരു പ്രതിഫലവും ഒരിക്കല്‍പ്പോലും ആവശ്യപ്പെടാതെ.....

“എല്ലാം യുക്തികൊണ്ട് അളക്കാന്‍ ശ്രമിക്കുന്നത് പമ്പര വിഡ്ഡിത്തമാകും...”

ഗുരുവിന്‍റെ ഈ വാക്കുകളാണ് ഞാന്‍ പഠിച്ച ആധുനിക ശാസ്ത്രത്തില്‍നിന്ന് വേറിട്ട് ചിന്തിക്കാന്‍ എന്നെ പാകമാക്കിയത്. നമുക്കറിയാവുന്നതിനുമപ്പുറം എന്തെല്ലാമുണ്ട്? സ്വന്തം ശരീരത്തിന്‍റെ ഉള്ളിലെയും ചുറ്റുപാടുകളിലെയും മാറ്റങ്ങളെപ്പോലും ശരിയായി അറിയാത്ത മനുഷ്യന്‍, ശാസ്ത്രജ്ഞനെന്ന് അഹങ്കരിച്ചിട്ട് എന്തു കാര്യം? അങ്ങനെ ജന്മ ജന്മാന്തരങ്ങളിലെ അനുഭവങ്ങളെ അറിയുന്ന ആ മഹശ്ശാസ്ത്രത്തെ ഞാനും എന്‍റെ മുഖ്യകര്‍മമായി സ്വീകരിച്ചു.

ക്ലാസ്സില്‍ നടന്ന ഒരു സംഭവം ഗണിതത്തിന്‍റെയും ഫലപ്രവചനത്തിന്‍റെയും കൃത്യത എനിക്ക് ബോധ്യപ്പെടുത്തി തന്നു. ഒപ്പം പഠിച്ചിരുന്ന ഒരു സുഹൃത്ത് ഒരിക്കല്‍ പെട്ടെന്ന് ക്ലാസ്സിനിടക്ക്  പറഞ്ഞു “ സാര്‍ ഞാന്‍ അല്പം നേരത്തെ പോകുന്നു. കുറച്ച് തിരക്കുണ്ട്. ഞാന്‍ പൂജയും മന്ത്രവാ‍ദവും പഠിക്കാന്‍ പോവുന്നുണ്ട്... ...  എല്ലാം കൂടി ഈയിടെയായി അല്പം ക്ഷീണവുമുണ്ട്. എന്നും സാറിന്‍റെ ക്ലാസ്സില്‍ വരാ‍ന്‍ പറ്റില്ല. കുഴപ്പമുണ്ടൊ?”. പെട്ടെന്ന്  ഗുരു  നോക്കിയത് തന്‍റെ വാച്ചിലേക്കാണ്. സമയം നോക്കിയിട്ട് അദ്ദേഹം പറഞ്ഞു  “എന്തായാലും പോകയല്ലേ... വഴിക്ക് ഒരു നല്ല ഫിസിഷ്യനെക്കണ്ട് വയറിന്‍റെ അകം ഒന്ന് പരിശോധിപ്പിച്ചോളൂ”. അയാള്‍ തിരക്കിട്ട് അപ്പോള്‍ തന്നെ യാത്ര പറഞ്ഞു പോവുകയും ചെയ്തു.

കണ്ടിരുന്ന ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. ഗുരു വിശദീകരിച്ചു. “ അയാള്‍ വന്ന സമയം, ചോദിച്ച സമയം ഇവ നിങ്ങള്‍ ശ്രദ്ധിച്ചോ... ഗുളികന്‍ ഉദിക്കുന്ന കൃത്യസമയത്താണ് ചോദ്യം. തീര്‍ച്ചയായും അയാള്‍ക്ക് അള്‍സര്‍ ഉണ്ടായിരിക്കും”. അന്നു വൈകിട്ട് ക്ലാസ് പിരിയുന്നതിനുമുന്‍പ് അയാള്‍ ഒരു സുഹൃത്തിനെ വിളിച്ചു. ഗുരു പറഞ്ഞത് അക്ഷരം പ്രതി സത്യം. ഉടന്‍ ചികിത്സക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ സംഭവം ‘മെഡിക്കല്‍ അസ്ട്രോളജി’ എന്ന ഗവേഷണശാഖയുടെ ഉള്ളിലേക്ക് കടന്നുചെല്ലാന്‍ പ്രചോദനമായി. ഇങ്ങനെ ഏകദേശം പത്തു വര്‍ഷത്തെ ക്ലാസ്സിലൂടെ എന്തെല്ലാം നൂതന അനുഭവങ്ങള്‍, എന്തെല്ലാം വിശകലനങ്ങള്‍. കവിടി നിരത്തുമ്പോള്‍ ഉള്ളില്‍ തെളിയുന്ന മറ്റൊരു ലോകം. എന്‍റെ ഉള്ളിലെ ‘ഞാന്‍’ ഏറെ  ശമിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ ശാസ്ത്രത്തിന്‍റെ പഠനത്തിനും പ്രചരണത്തിനുമായി ശ്രമിച്ചു വരുന്നു.
(image: Vedarakshnam.com)